Connect with us

International

സ്‌കോട്‌ലാന്റ് ഹിതപരിശോധന: മറ്റു മേഖലകളിലും പ്രതികരണമുണ്ടാവും

Published

|

Last Updated

ലണ്ടന്‍/എഡിന്‍ബര്‍ഗ്: സ്‌കോട്‌ലാന്‍ഡ് വിട്ടുപോകേണ്ടതില്ലെന്ന് ഹിതപരിശോധനയില്‍ തീരുമാനമായെങ്കിലും ബ്രിട്ടനില്‍ വന്‍ രാഷ്ട്രീയമാറ്റത്തിന് ഹിതപരിശോധനാ ഫലം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 45 ശതമാനം പേര്‍ വിഭജനത്തെ പിന്തുണച്ചുവെന്നത് കൂടുതല്‍ അധികാരങ്ങള്‍ സ്‌കോട്‌ലാന്‍ഡിന് വകവെച്ച് കൊടുക്കണമെന്ന വികാരം ശക്തിപ്പെടുത്തും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തിക തീരുമാനങ്ങളിലടക്കം സ്വന്തം പാത തിരഞ്ഞെടുക്കാന്‍ സ്‌കോട്‌ലാന്‍ഡിനെ അനുവദിക്കുകയെന്ന നിലപാടിലേക്ക് ചുവട് മാറാന്‍ യു കെ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെങ്കിലും സ്‌കോട്ട് ജനതയില്‍ പുതുതായി സംഭവിച്ച രാഷ്ട്രീയവത്കരണം അവരെ അതിന് പ്രേരിപ്പിക്കും. ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സ്‌കോട്‌ലാന്‍ഡിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്നത് വിനയാണെന്ന വിലയിരുത്തലാണ് ടോറികള്‍ക്ക് ഉള്ളത്. എന്നാല്‍ ഇങ്ങനെ നല്‍കുന്ന സ്വയംഭരണാവകാശം അലക്‌സ് സാല്‍മണ്ടിന്റെ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിക്കായിരിക്കും ഗുണകരമായിരിക്കുകയെന്ന സമാധാനത്തിലാണ് ടോറികള്‍.
പരമാവധി അധികാര കൈമാറ്റം എന്ന അര്‍ഥത്തില്‍ ഡിവോ മാക്‌സിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. നോ വോട്ടുകള്‍ പരമാവധി ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കം ഐക്യ പക്ഷത്തുള്ളവര്‍ വാരിവിതറിയ വാഗ്ദാനങ്ങളും ഈ ദിശയിലേക്ക് സഞ്ചരിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും. ഹിതപരിശോധനക്ക് മുമ്പ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ടോറികളും ലിബറല്‍ ഡെമോക്രാറ്റുകളും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുമെല്ലാം മത്സരിക്കുകയായിരുന്നുവെന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. കടമെടുപ്പ്, നികുതി പിരിവ് തുടങ്ങിയ നിര്‍ണായക മേഖലകളില്‍ പോലും കൂടുതല്‍ അധികാര വികേന്ദ്രീകരണം നടത്തുമെന്ന് ഇവര്‍ പ്രചാരണഘട്ടത്തില്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല യു കെയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സ്‌കോട്‌ലാന്‍ഡിന് കൂടുതല്‍ ഫണ്ട് ദീര്‍ഘകാലത്തേക്ക് കൈമാറുന്ന ബില്ലിന് ഈ കക്ഷികള്‍ മുന്‍കൈയെടുത്തിട്ടുമുണ്ട്.
അതേസമയം, സ്‌കോട്‌ലാന്‍ഡ് വിട്ടുപോകാതിരിക്കാന്‍ അവര്‍ക്ക് കൈക്കൂലി നല്‍കുകകയാണ് കാമറൂണ്‍ സര്‍ക്കാര്‍ ചെയ്തതെന്ന ആക്ഷേപം വെയില്‍സ് അടക്കമുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. ഈ വാദം കത്തിപ്പടരുന്നതോടെ സ്‌കോട്ട് ജനതക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രശ്‌നങ്ങളുടെ പെട്ടി തുറക്കലാകും. ഓരോ മേഖലക്കും കൂടുതല്‍ സ്വയംഭരണം അനുവദിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ഇംഗ്ലണ്ടില്‍ നിന്ന് പ്രതിഷേധ സ്വരം ഉയര്‍ന്നിട്ടുണ്ട്. സ്‌കോട്‌ലാന്‍ഡിലെയും വേയില്‍സിലെയും വടക്കന്‍ അയര്‍ലാന്‍ഡിലെയും ജനങ്ങള്‍ ഇപ്പോള്‍ സ്വന്തം മേഖലയിലെ പ്രതിനിധികളെയും കേന്ദ്ര പാര്‍ലിമെന്റിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ടുകാര്‍ക്ക് ഈ അധികാരം ഇല്ല.

Latest