Connect with us

Articles

നോ; ബ്രിട്ടന് താത്കാലിക ആശ്വാസം

Published

|

Last Updated

അങ്ങനെ ഗ്രേറ്റ് ബ്രിട്ടന്‍ വിഭജനത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, ഉത്തര അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവയടങ്ങിയ ആകെത്തുകയില്‍ നിന്ന് സ്‌കോട്ടുകള്‍ വിട്ട് പോകുമോയെന്ന ചോദ്യത്തിന്റെ ഉത്തരം ഇല്ലെന്ന് തന്നെയാണെന്ന് ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേരും രേഖപ്പെടുത്തിയിരിക്കുന്നു. സ്‌കോട്ട്‌ലാന്‍ഡ് ഒരു സ്വതന്ത്ര രാജ്യമാകണമോ എന്ന ചോദ്യത്തിന് യെസ് എന്ന് രേഖപ്പെടുത്തിയവര്‍ 45 ശതമാനം പേര്‍. പത്ത് ശതമാനത്തിന്റെ അഭിമാനകരമായ വ്യത്യാസത്തില്‍ 1707 മെയ് ഒന്ന് മുതലുള്ള പതിവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യൂറോപ്പിനകത്തും പുറത്തുമുള്ള അനേകം സ്വാതന്ത്ര്യ മോഹങ്ങള്‍ക്ക് മേല്‍ താത്കാലികമായെങ്കിലും തണുത്ത വെള്ളവും “ടുനൈറ്റഡ് കിംഗ്ഡം” എന്നു ശക്തമായ രാഷ്ട്രത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ദീര്‍ഘായുസ്സും പകര്‍ന്നു നല്‍കിയാണ് സ്‌കോട്ട് ജനത അവരുടെ ഹിതം രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ നാടിന്റെയും വ്യതിരിക്തമായ സ്വത്വാവിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്ര രൂപം കൈവരിക്കാന്‍ ത്വരയുണ്ടെങ്കില്‍ അത് ദീര്‍ഘകാലം അടിച്ചമര്‍ത്തേണ്ടതില്ലെന്നും ഹിതപരിശോധനയുടെ മാന്യമായ തുറസ്സിലേക്ക് അതിനെ ആനയിച്ച് തീര്‍പ്പാക്കുന്നതാണ് ജനാധിപത്യപരമെന്നുമുള്ള സന്ദേശമാണ് സ്‌കോട്ട് ഹിതപരിശോധന അവശേഷിപ്പിക്കുന്നത്.
സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡിന് വേണ്ടി വാദിച്ചവര്‍ തീര്‍ച്ചയായും വൈകാരികമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. പ്രായോഗികമായ പല ചോദ്യങ്ങള്‍ക്കും അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവ് അലക്‌സ് സാല്‍മണ്ടിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിലുടനീളം അവര്‍ നേരിട്ടത് സ്വതന്ത്രമായാല്‍ എന്തായിരിക്കും ഭാവിയെന്ന ചോദ്യമായിരുന്നു. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ മുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ ശബ്ദം മുഴക്കത്തോടെ കേട്ടത് സ്വാതന്ത്ര്യ ദാഹത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമായിരുന്നു. പതിറ്റാണ്ടുകളായി അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന മുദ്രാവാക്യത്തിന്റെ ആന്തരാര്‍ഥം ഒരു പുതിയ രാഷ്ട്രമെന്ന അഭിമാനകരമായ അവസ്ഥയായിരുന്നു. പക്ഷേ, അങ്ങനെയൊന്ന് സംജാതമായാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളാണ് എതിര്‍പക്ഷം ഉയര്‍ത്തിക്കാണിച്ചത്. അത് താരമ്യേന എളുപ്പമായിരുന്നു. സൈന്യത്തിന്റെ വിഭജനം എപ്രകാരമായിരിക്കും? ഏത് കറന്‍സി ഉപയോഗിക്കും? യൂറോ ലഭിക്കുമോ? ബ്രിട്ടീഷ് കടത്തിന്റെ ഒരു ഭാഗം സ്‌കോട്ട്‌ലാന്‍ഡിന്റെ തലയില്‍ വരുമോ? ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്. ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ബാധ്യത മുഴുവന്‍ “യെസ്” പക്ഷത്തിനായിരുന്നു. “യെസ്” പക്ഷം ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്. “നോ” പക്ഷം തലയുടെയും ബുദ്ധിയുടെയും പ്രായോഗികതയുടെയും ഭാഷയിലും.
പണ്ട് ഇത്തരമൊരു സെപ്തംബര്‍ 18ന് ഇംഗ്ലീഷ് സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിച്ച സ്‌കോട്ട് സൈന്യത്തിന്റെ ഓര്‍മപ്പെരുന്നാളിന് നടന്ന ഹിതപരിശോധനയില്‍ സ്‌കോട്ട് ജനത തല കൊണ്ട് ചിന്തിച്ചുവെന്ന് വേണം കണക്കാക്കാന്‍. പുതിയ ലോകക്രമത്തില്‍ ഒറ്റക്ക് നില്‍ക്കുന്നതിന്റെ അപകടസാധ്യതകള്‍ സ്വതന്ത്രമാകുന്നതിന്റെ അവകാശ പ്രഖ്യാപനത്തേക്കാള്‍ അവരെ മഥിച്ചപ്പോള്‍ ഹിതം ഐക്യ ബ്രിട്ടന് അനുകൂലമായി.
ലാഭനഷ്ടത്തിന്റെ ഭാഷയിലാണ് പ്രചാരണത്തിലുടനീളം വന്‍കിട മാധ്യമങ്ങളെല്ലാം വാര്‍ത്തകള്‍ നല്‍കിയത്. അവര്‍ ഹിതപരിശോധനയില്‍ ഇടപെടുന്നില്ലെന്ന് തോന്നിച്ചു. എന്നാല്‍ വേര്‍പെടുന്നതാണോ ഐക്യപ്പെട്ടു നില്‍ക്കുന്നതാണോ സ്‌കോട്ട് ജനതക്ക് ഗുണകരമെന്ന് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. വേര്‍പെടുന്നതിന്റെയും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും സാധ്യതകളും ആശങ്കകളും അവര്‍ ചര്‍ച്ചക്കിട്ടു. ആത്യന്തികമായി ഈ ചര്‍ച്ചകളും “നോ” വിഭാഗത്തിന്റെ ഭയം ഉത്പാദത്തിന് സമാനമാകുകയാണ് ചെയ്തത്. “ബെറ്റര്‍ ടുഗദര്‍” എന്ന സന്ദേശം തന്നെയാണ് നിഷ്പക്ഷമെന്ന് തോന്നാവുന്ന ഈ ചര്‍ച്ചകള്‍ മുന്നോട്ട് വെച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു ഈ സംവാദത്തിന്റെ കാതല്‍. എണ്ണ കൊണ്ടും മനുഷ്യവിഭവശേഷി കൊണ്ടും സമ്പന്നമായ സ്‌കോട്ട്‌ലാന്‍ഡിന് സ്വാതന്ത്ര്യം വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന പൊതുബോധം സൃഷ്ടിക്കാന്‍ സാധിച്ചു. ഒരു പുതിയ രാജ്യം സാമ്പത്തിക ആശയക്കുഴപ്പത്തിലൂടെ കടന്നു പോകുമെന്നത് സത്യമാണല്ലോ. വേര്‍പെട്ട് പോയാലും ഏക കറന്‍സി പിന്തുടരണമെന്ന ആശയമാണ് “യെസ്” വിഭാഗക്കാര്‍ മുന്നോട്ട് വെച്ചത്. ഇത് അവരുടെ ആത്മവിശ്വാസമില്ലായ്മയായി ചിത്രീകരിക്കപ്പെട്ടു. അത്തരമൊരു നീക്കുപോക്കിന് തയ്യാറാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെ പ്രഖ്യാപിച്ചു. ഇതോടെ, സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡിന് കറന്‍സി പ്രതിസന്ധി കണികണ്ടുണരേണ്ടി വരുമെന്ന ധാരണ ശക്തമായി. ഓരോ സ്‌കോട്ടും 15 വര്‍ഷം പിന്നിടുമ്പോള്‍ 1000 പൗണ്ട് മെച്ചപ്പെടുമെന്നാണ് അലക്‌സ് സാല്‍മണ്ട് പ്രഖ്യാപിച്ചത്. പക്ഷേ ജനം ചോദിച്ചു; ഇന്ന് എന്ത് സംഭവിക്കും? ഒരുമിച്ചു നിന്നാല്‍ “കുറഞ്ഞ നികുതി, കൂടുതല്‍ ആനുകൂല്യമെ”ന്ന് എതിര്‍ വിഭാഗം പ്രചരിപ്പിച്ചു. വിഭജനം അതിസമ്പന്നര്‍ക്ക്, ഐക്യം സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കുമെന്ന മുദ്രാവാക്യം വന്‍ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.
ഈ പ്രചാരണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് സാക്ഷാല്‍ ഡേവിഡ് കാമറൂണ്‍ തന്നെയായിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡും ഉണ്ടായിരുന്നു കൂടെ. ഗ്രീന്‍ പാര്‍ട്ടി അടക്കമുള്ള മുഴുവന്‍ പാര്‍ട്ടികളും ബെറ്റര്‍ ടുഗദര്‍ പ്രചാരണത്തില്‍ പങ്കെടുത്തു. ജെ കെ റൗളിംഗ് പോലുള്ള എഴുത്തുകാരും സെലിബ്രിറ്റികളും ഐക്യപ്രചാരണത്തില്‍ ഫലപ്രദമായി അണിനിരന്നു. സോഷ്യല്‍ മീഡിയകളിലെ സംവാദങ്ങള്‍ മിക്കവാറും യൂനിയനിസ്റ്റുകള്‍ക്ക് അനുകൂലമായിരുന്നു. സര്‍വേകളിലും മുന്‍തൂക്കം അവര്‍ക്കായിരുന്നു. ബിസിനസ്സ് ലോകവും ഓഹരിവിപണിയുമെല്ലാം ഈ പക്ഷത്ത് തന്നെയായിരുന്നു. നേരത്തേ പ്രവചിക്കപ്പെട്ടത് മൂന്ന് ശതമാനം വ്യത്യാസത്തില്‍ ഐക്യപക്ഷം വിജയിക്കുമെന്നായിരുന്നുവെങ്കില്‍ സംഭവിച്ചത് പത്ത് ശതമാനത്തിന്റെ വ്യത്യാസമാകുന്നത് സംവാദങ്ങളുടെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.
വോട്ടിംഗ് പാറ്റേണ്‍ വിശകലനം ചെയ്യുമ്പോള്‍ എങ്ങനെയാണ് “നോ” പക്ഷം വിജയിച്ചതെന്ന് വ്യക്തമാകും. “നോ” പക്ഷത്തിന് സ്വാധീനമുള്ള മേഖലയില്‍ വോട്ടിംഗ് ശതമാനം ഏറെയാണ്. ഉദാഹരണത്തിന് 60 ശതമാനത്തലേറെ പേര്‍ “നോ” വോട്ട് രെഖപ്പെടുത്തിയ ഈസ്റ്റ് ഡണ്‍ബാറ്റണ്‍ഷയറില്‍ വോട്ടിംഗ് ശതമാനം 91 ശതമാനമാണ്. അതേസമയം, ഐക്യ വിഭാഗത്തിന് സ്വാധീനമുള്ള ഗ്ലാസ്‌ഗോ പോലുള്ള നഗര മേഖലകളില്‍ 75 ശതമാനം മാത്രമായിരുന്നു പോളിംഗ്. പ്രൊഫഷനലുകളും ബിസിനസ്സ് പ്രമുഖരും തിങ്ങിപ്പാര്‍ക്കുന്ന കൗണ്‍സിലുകളില്‍ “നോ” വോട്ടിനാണ് പ്രാമുഖ്യമുണ്ടായത്. എന്നാല്‍ യുവാക്കള്‍ വന്‍ തോതില്‍ വിഭജനത്തെ പിന്തുണച്ചുവെന്നത് ശ്രദ്ധേയമാണ്.
ഹിതപരിശോധനാ ഫലം പുറത്ത് വന്നപ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പ്രതികരണങ്ങളില്‍ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ എമ്പാടുമുണ്ട്. “ആശ്വാസം” എന്ന് മാത്രമാണ് രാജ കുടുംബം പ്രതികരിച്ചത്. ഐക്യ ബ്രിട്ടന്റെ അവസാന രാജ്ഞിയാകുന്നതില്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസമാണ് എലിസബത്ത് രാജ്ഞിക്ക്. എല്ലാം കഴിഞ്ഞു, വ്യക്തമായി തീരുമാനിക്കപ്പെട്ടുവെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വാക്കുകളിലും ആശ്വാസം തന്നെയാണ് ഉള്ളത്. ഭാവി എല്ലാവര്‍ക്കും ശുഭകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. സ്‌കോട്ട് പാര്‍ലിമെന്റി(ഹോളിറൂഡ്)ന് കൂടുതല്‍ അധികാരങ്ങള്‍ വകവെച്ച് കൊടുക്കാന്‍ കാമറൂണ്‍ തയ്യാറാകുമെന്നാണ് ഇതിന്റെ അര്‍ഥം. ഹിതപരിശോധനാ ആവശ്യം ശക്തമായ 2000ത്തില്‍ തന്നെ പല നിലകളില്‍ സ്‌കോട്ട് പാര്‍ലിമെന്റിന് അധികാരങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കി വരുന്നുണ്ട്. ഫലം ഐക്യത്തിന് പച്ചക്കൊടി കാണിച്ചെങ്കിലും സ്വാതന്ത്ര്യദാഹം അവിടെയുണ്ടെന്ന തിരിച്ചറിവ് കേന്ദ്ര പാര്‍ലിമെന്റിന് (വെസ്റ്റ്മിനിസ്റ്റര്‍) ഉണ്ടാകും. തങ്ങളുടെ നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ച 45 ശതമാനം പേര്‍ അവിടെയുണ്ടെന്നത് അവഗണിക്കാവുന്ന ഒന്നല്ലല്ലോ. 45 ശതമാനം യെസ് വോട്ടുകള്‍ ലഭിച്ചതിനാല്‍ അലക്‌സ് സാല്‍മണ്ടിന്റെ രാഷ്ട്രീയ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാകാനിടയില്ല. വിഭജനം ഒഴിവായതിനാല്‍ കാമറൂണിനും സ്ഥാനചലനമുണ്ടാകില്ല. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ വേര്‍പെട്ടു പോകാത്തതിനാല്‍ അവര്‍ക്കും ആശ്വസിക്കാം. പക്ഷേ, ഈ ഹിതപരിശോധനാ പ്രക്രിയ രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടില്ലാത്ത നല്ലൊരു ജനവിഭാഗത്തെ രാഷ്ട്രീയത്തില്‍ തത്പരരാക്കിയിട്ടുണ്ട്. വരും കാല തിരഞ്ഞെടുപ്പില്‍ അവര്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമായിരിക്കും. 2015ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള ഫലത്തെ ഈ പുതു രാഷ്ട്രീയക്കാര്‍ വലിയ തോതില്‍ സ്വാധീനിക്കും. 16 വയസ്സ് തുടങ്ങുന്നു ഈ ചേരി. വെയില്‍സ് അടക്കമുള്ള സ്ഥലങ്ങളില്‍ വിട്ടുപോകല്‍ ത്വര ശക്തിപ്പെടാന്‍ “45 ശതമാനം” നിമിത്തമായേക്കും. അതിന് പ്രതിവിധിയായി കൂടുതല്‍ അധികാരങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകും.
“ഞങ്ങള്‍ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും പ്രസരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ രാഷ്ട്രീയ പങ്കാളിത്തം അനുവദിച്ചില്ലെങ്കില്‍ ഈ പ്രസരണത്തിന്റെ ശക്തി ഭരണകര്‍ത്താക്കള്‍ അനുഭവിക്കുക തന്നെ ചെയ്യുമെ” ന്ന സാല്‍മണ്ടിന്റെ പ്രഖ്യാപനം സ്‌കോട്ട്‌ലാന്‍ഡ്- ബ്രിട്ടന്‍ ബന്ധത്തിന്റെ ഭാവി കുറിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest