ഇന്ത്യ- ചൈന സഹകരണ കരാര്‍

Posted on: September 20, 2014 6:00 am | Last updated: September 19, 2014 at 10:01 pm
SHARE

പരസ്പര സഹകരണം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെയും 16 കരാറുകളില്‍ ഒപ്പുവെച്ചുമാണ് ത്രിദിന സന്ദര്‍ശനത്തിനത്തിയ ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിംഗ് മടങ്ങിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലും നിര്‍മാണ രംഗത്തും അഞ്ച് വര്‍ഷത്തിനകം ഇന്ത്യയില്‍ 1.21 ലക്ഷം കോടി രൂപ നിക്ഷേപിക്കാനുള്ള ചൈനയുടെ സന്നദ്ധതയുള്‍പ്പെടെയുള്ളതാണ് കരാറുകള്‍. റെയില്‍ പാതകളും റെയില്‍വേ സ്‌റ്റേഷനുകളും നവീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യക്കു മതിയായ പ്രാതിനിധ്യം ലഭിക്കാന്‍ ചൈന തുണക്കുമെന്നും പരസ്പര വിശ്വാസത്തിലധഷ്ഠിമായി ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്നും സി ജിന്‍പിംഗ് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യാ-ചൈനാ ബന്ധത്തിലെ പുതുയഗപ്പിറവിയെന്നാണ് സി ജിന്‍പങിന്റെ സന്ദര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തെ രണ്ട് സാമ്പത്തിക ശക്തികളാണ് ഇന്ത്യയും ചൈനയും. വരുംകാലം ഇന്ത്യയുടെതും ചൈനയുടെതുമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തത്തക്ക വിധം ദ്രുതഗതിയിലുള്ള വികാസമാണ് രണ്ട് രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയില്‍ ഏതാനും ദശകമായി പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ഈ അയല്‍രാഷ്ട്രങ്ങളുടെ വളര്‍ച്ച അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ആശങ്കപ്പെടുത്തുന്നു. ഏഷ്യയില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള തങ്ങളുടെ നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് അമേരിക്കയുടെ ഭയം. ഡല്‍ഹിയും ബീജിംഗും കൂടൂതല്‍ അടുക്കുന്നത് തടയാനുള്ള അടവുകളും നിരന്തരമായി അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് അവരുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താനും ഏഷ്യന്‍ മേഖലകളിലെ അധിനിവേശ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള വഴി. ഈ ദിശയില്‍ പ്രതീക്ഷയേകുന്നതാണ് ഡല്‍ഹിയില്‍ വ്യാഴാഴ്ച ഒപ്പ് വെച്ച ഇന്ത്യാ-ചൈനാ സഹകരണ കരാറും നേതാക്കളുടെ സംയുക്ത പ്രഖ്യാപനവും.
എന്നാല്‍ ദീര്‍ഘ കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തിലേക്ക് ചര്‍ച്ച കടന്നില്ലെന്നത് കാണാതിരുന്നു കൂടാ. മാത്രമല്ല, അതിര്‍ത്തിയില്‍ ചൈനനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കയുമാണ്. ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് സി ജിംഗ്പിംഗ് ഇന്ത്യയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും ലഡാക്കിലെ ചുമാര്‍ മേഖലയിലേക്ക് 1000ല്‍ പരം ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മെയില്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പും ഇതുപോലെ അതിര്‍ത്തിയില്‍ അവര്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ലഡാക്കിലെ ഡെപ്‌സാംഗ് താഴ്‌വരയില്‍ അതിര്‍ത്തി കടന്ന് 19 കിലോമീറ്റര്‍ മുന്നേറി പ്ലാറ്റൂണ്‍ ക്യാമ്പ് സ്ഥാപിക്കുകയായിരുന്നു ചൈനീസ് പട്ടാളം അന്ന്. തുടര്‍ന്ന് ജൂണ്‍ അവസാനം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ചൈനാ സന്ദര്‍ശന സമയത്ത് കിഴക്കന്‍ ലഡാക്കില്‍ പാങ്ങോംഗ് തടാകത്തിന് സമീപവും അവര്‍ നുഴഞ്ഞുകയറി.
യു പി എ ഭരണകാലത്ത് ചൈനയുടെ ഇത്തരം കൈയേറ്റങ്ങളെ രൂക്ഷമായി വിമര്‍ശിച്ച നരേന്ദ്ര മോദി ഇന്ത്യന്‍ സൈന്യം ചൈനക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ സൈനിക നടപടികള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നതിനാല്‍ സമാധാന ചര്‍ച്ച മാത്രമാണ് പ്രായോഗിക മാര്‍ഗമെന്ന നിലപാടാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്നിപ്പോള്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഇന്ത്യ- ചൈന തര്‍ക്കത്തില്‍ തീവ്രമായ നിലപാട് കൈവെടിഞ്ഞു മിതവാദത്തിലേക്ക് ഇറങ്ങി വന്നിട്ടുണ്ടെന്നാണ്, ചൈനീസ് പട്ടാളക്കാരുടെ ആവര്‍ത്തിച്ചുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രകോപിതനാകാതെ, സി ജിന്‍പിംഗുമായി നടത്തിയ സൗഹൃദ ചര്‍ച്ചകളും തീരുമാനങ്ങളും വ്യക്തമാക്കുന്നത്. ഇത് അഭിനന്ദനീയമാണ്. അതിര്‍ത്തി ലംഘനങ്ങള്‍ക്ക് യുക്തിയോടെയും സംയമനത്തോടെയും നടത്തുന്ന നയതന്ത്രതല സംഭാഷണം വഴിയാണ് പരിഹാരം കണ്ടെത്തേണ്ടത്. വൈകാരികമായ സമീപനം പലപ്പോഴും വിപരീത ഫലമാണുളവാക്കുക. 1962 ലെ യുദ്ധം നല്‍കുന്ന പാഠവുമതാണല്ലോ. യൂദ്ധത്തിനൊടുവില്‍ ചൈന പിന്മാറിയെങ്കിലും അന്ന് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നല്ലൊരു ഭാഗം ഇന്നും അവരുടെ കൈവശമാണ്.
അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുമ്പോള്‍ തന്നെ, വാണിജ്യം, അടിസ്ഥാന വികസനം പോലുള്ള രംഗങ്ങളില്‍ തുടര്‍ന്നു വരുന്ന സഹകരണം ശക്തിപ്പെടുത്താനുള്ള വിവേകമാണ് ഭരണനേതൃത്വങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. ഈ ബന്ധങ്ങളിലെ സൗഹൃദം അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് സഹായകമാകുകയോ, ചുരുങ്ങിയ പക്ഷം ലഘൂകരിക്കുകയോ ചെയ്‌തേക്കാം.