Connect with us

Gulf

മൂവര്‍ സംഘത്തിന് സുഖമാണിവിടെ

Published

|

Last Updated

ഒറ്റ പ്രസവത്തില്‍ പിറന്ന കുരുന്നുകളാണ് സഹില്‍ ലബ്ബയും സഹിലയും സുഹൈല്‍ ലബ്ബയും. ജന്മം കൊണ്ടത് മലയാളക്കരയിലാണെങ്കിലും താമസം ഇപ്പോള്‍ പ്രവാസലോകത്ത്. മൂവര്‍ സംഘത്തിനു പ്രായം 13. പഠനം ഒമ്പതാം തരത്തില്‍. സഹിലും സുഹൈലും ഒരേ ക്ലാസില്‍. സഹോദരി സഹല മറ്റൊരു ക്ലാസിലും.തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശിയും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ െ്രെഡവറുമായ ഇ ഖാലിദ്ജസീല ബീഗം ദമ്പതികളുടെ മക്കളാണ് മൂവരും. കടിഞ്ഞൂല്‍ പ്രസവത്തിലാണ് മൂന്നു കണ്‍മണികളെയും ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാനാകാത്തതിനെ തുടര്‍ന്ന് ചികിത്സ ആരംഭിച്ചു. പ്രയോജനമുണ്ടായില്ല. ഇതോടെ ജസീലയെ ഖാലിദ് ഷാര്‍ജയിലേക്ക് കൊണ്ടുവന്നു.

ആറ് മാസം ഗര്‍ഭിണിയായപ്പോള്‍ ജസീലയെ നാട്ടിലേക്കയച്ചു. ഇതിനിടെ ഇവിടെ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുക്കളായി മൂന്നു പേരുണ്ടെന്നു കണ്ടെത്തി. ജസീലയെ നാട്ടിലേക്ക് വിടാന്‍ പരിശോധനക്ക് വിധേയമാക്കിയ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. കുട്ടികള്‍ക്കും ജസീലക്കും നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. കുരുന്നുകള്‍ മൂന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നുവത്രെ ഇത്. എന്നാല്‍ ഖാലിദും ജസീലയും വഴങ്ങിയില്ല. നാട്ടിലെത്തിയ ജസീല തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ആദ്യം പിറന്നത് ആണ്‍കുട്ടി. അവനു സഹില്‍ ലബ്ബയെന്നു പേരിട്ടു. രണ്ടാമത് പെണ്‍കുട്ടി സഹല. സുഹൈല്‍ ലബ്ബ അവസാനമാണ് പിറന്നത്.
തുടക്കത്തില്‍ മൂന്നു കുട്ടികളെയും വളര്‍ത്താന്‍ ഏറേ ക്ലേശിക്കേണ്ടിവന്നുവെന്നും ജസീല പറയുന്നു. പ്രയാസം സഹിക്കാനാവാതെ വന്നപ്പോള്‍ ഭര്‍ത്താവ് ഖാലിദിനെ കൂട്ടിനായി ഗള്‍ഫില്‍ നിന്നു തിരികെ വിളിച്ചു. ഇതേ തുടര്‍ന്ന് വിസ തന്നെ റദ്ദാക്കി രണ്ടര വര്‍ഷക്കാലം തന്നോടൊപ്പം കുട്ടികളെയും ശ്രദ്ധിച്ചു. കുട്ടികള്‍ വലുതായതോടെയാണ് ഖാലിദ് വീണ്ടും ഗള്‍ഫിലേക്ക് തിരികെവന്നതെന്ന് ജസീല പറയുന്നു.

പത്താം ക്ലാസ് വരെ ഇവിടെ പഠിപ്പിക്കണമെന്നാണ് ആഗ്രഹം. ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ ജസീല ഇതു പറയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഖാലിദും അതു സമ്മതിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലാണ് മൂവരും പഠിക്കുന്നത്. തിരുവനന്തപുരം ശാലിനി ഭവന്‍ സ്‌കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ. ഒറ്റ നോട്ടത്തില്‍ ഒറ്റ പ്രസവത്തില്‍ പിറന്നവരാണെന്ന് മനസിലാകില്ല. പൊക്കം കൂടുതലാണ് ഒരാള്‍ക്ക്. പെരുമാറ്റത്തിലും സ്വഭാവത്തിലും ഈ സഹോദരങ്ങള്‍ വ്യത്യസ്തരല്ല. സുഹൃത്തുക്കളെപ്പോലെ ഒന്നിച്ചാണ് എപ്പോഴും.
മൂന്നു പേരും പഠനത്തിലും മിടക്കരാണ്.

പഠിച്ച് ഉന്നതിയിലേക്ക് എത്തണമെന്നാണ് ആഗ്രഹം. ഇരട്ട കുട്ടികള്‍ സാധാരണമാണെങ്കിലും ട്രിപ്പിള്‍സ് അപൂര്‍വമാണ്. അതു കൊണ്ടുതന്നെ ഈ ത്രിമൂര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടുന്നു. ഷാര്‍ജ, അല്‍ ഗുബൈബക്കു സമീപത്താണ് ഖാലിദും ജസീലയും മൂന്നുമക്കളും താമസം. ദീര്‍ഘ കാലമായി ഖാലിദ് ഷാര്‍ജയിലുണ്ട്.
.

---- facebook comment plugin here -----

Latest