മദ്യനയം: ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

Posted on: September 19, 2014 6:51 pm | Last updated: September 20, 2014 at 12:12 am
SHARE

harsha vardhan

സ്ഥലം ലഭ്യമായാല്‍ കേരളത്തിന് എയിംസ് ഉറപ്പ്: ഡോ. ഹര്‍ഷ വര്‍ധന്‍
തിരുവനന്തപുരം: സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായാലുടന്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 200 ഏക്കര്‍ സ്ഥലമാണ് വേണ്ടത്. റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കണം. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്ന് കഌയറന്‍സ് ലഭിച്ചാലുടന്‍ കേന്ദ്ര സംഘം സ്ഥലം കാണാനെത്തും.
സംസ്ഥാനവുമായി ആലോചിച്ച് ഒരു സ്ഥലം ഉറപ്പിക്കും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും വേഗം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തിലാണ് കേന്ദ്രം പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള ചില എം പിമാര്‍ തങ്ങളുടെ ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആര്‍ സി സിക്ക് ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആര്‍ സി സിയെ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ആക്കുകയാണ് സംസ്ഥാനത്തിന്റെ സ്വപ്‌നമെന്നറിയാം. ആ സ്വപ്‌നം താനും പങ്കുവക്കുന്നു. അതോടൊപ്പം അത് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും.
കാന്‍സറിനെതിരെ രാജ്യം യുദ്ധം പ്രഖ്യാപിക്കേണ്ട സമയമായി. കാന്‍സര്‍ ചികിത്സക്ക് വന്‍ ചിലവ് വരുന്നതിനാല്‍ വീടും സ്ഥലവും വിറ്റു വരെ രോഗികള്‍ ചികിത്സ തേടേണ്ട ഗതികേടാണ്. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും വലിയൊരു പ്രചാരണം ആവശ്യമാണ്. കാന്‍സര്‍ രംഗത്ത് സ്വദേശത്തെയും വിദേശത്തെയും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ഗവേഷണം നടക്കുന്നു.
നാഷണല്‍ ഹെല്‍ത്ത് അഷ്വറന്‍സ് മിഷന്‍ പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കും. യൂണിവേഴ്‌സല്‍ ഇന്‍ഷുറന്‍സ് പദ്ധതി, 50 ഇനം അടിസ്ഥാന മരുന്നുകള്‍, ഭാരതീയ ചികിത്സാ വിഭാഗത്തിലെ 40 ഇനം മരുന്നുകള്‍, ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പടുത്തല്‍ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.
രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിക്കും. തുടര്‍ക്ക് ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ട് ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
പുകവലി നിയന്ത്രണത്തിന് കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന ന്യായം തടസമാകരുത് ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.