ഡ്രോണ്‍ മല്‍സരം സെമിയിലേക്കെത്തി

Posted on: September 19, 2014 6:26 pm | Last updated: September 19, 2014 at 6:26 pm
SHARE

dronദുബൈ: ഡ്രോണ്‍ മത്സരം സെമിയിലേക്ക് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും മികച്ച ഡ്രോണ്‍ വികസിപ്പിക്കുന്നവര്‍ക്കായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 10 ലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഉള്‍പ്പെടെയുള്ളവക്കായി നൂറുകണക്കിന് പദ്ധതികളാണ് പരിഗണനക്കായി എത്തിയിരിക്കുന്നത്. വിവിധ ഘട്ടങ്ങള്‍ പിന്നിട്ട മത്സരത്തിന്റെ സെമി ഫൈനലാണ് ഇനി. മൊത്തം 16 സെമി ഫൈനലുകളാണ് ഉണ്ടാവുക. നൂറു കണക്കിന് ഡ്രോണ്‍ പദ്ധതികളില്‍ നിന്നാണ് 16 എണ്ണത്തെ സെമി ഫൈനലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഡ്രോണിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഓരോരുത്തരും സമര്‍പ്പിച്ച പദ്ധതികള്‍ എത്രത്തോളം നൂതനമായ സാങ്കേതിക വിദ്യയും സംവിധാനവുമാണ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രത്യേകം അവാര്‍ഡ് കമ്മിറ്റി പരിശോധിക്കും.
ഡെലിവറി ഡ്രോണിന്റെ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തി കാര്യക്ഷമാക്കി വികസിപ്പിക്കുന്നവരെയാണ് സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ 10 ലക്ഷം യു എസ് ഡോളറും പ്രാദേശിക തലത്തില്‍ 10 ലക്ഷം ദിര്‍ഹവുമാണ് സമ്മാനം. മത്സരത്തില്‍ പങ്കാളികളാവാന്‍ വ്യക്തികളോടും ബിസിനസുകാരോടും യൂണിവേഴ്‌സിറ്റിയിലുള്ളവരോടും ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ആധുനിക ഡ്രോണ്‍ നിര്‍മാണത്തിനായുള്ള ഡ്രോണ്‍ ഫോര്‍ ഗുഡ് അവാര്‍ഡ് മത്സരത്തിലേക്ക് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അവാര്‍ഡ് കമ്മിറ്റി അവസരം നല്‍കിയിരുന്നു. വ്യക്തികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ കമ്പനികളും എറ്റവും മികച്ച ഡ്രോണ്‍ മാതൃക രാജ്യത്തിനായി കണ്ടെത്താനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലേക്ക് ആളില്ലാ വിമാനത്തിന്റെ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമാക്കി ഡെലിവറി ഡ്രോണിനെ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴില്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചുവരികയാണ്. ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് പരിഗണിച്ചാണ് ഭീമമായ തുകയുടെ സമ്മാനം നല്‍കാന്‍ തീരുമാനച്ചിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളും ചെറു പൊതിക്കെട്ടുകളും വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്ത് ആദ്യത്തെ സംരംഭമാണ് ഇത്. അര മീറ്റര്‍ വലുപ്പത്തിലുള്ളതാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറു വിമാനം
ചെറിയ പാര്‍സലുകളും ഇതിലൂടെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. അബ്ദുറഹ്മാന്‍ അല്‍ സര്‍കാല്‍ എന്ന സ്വദേശി എഞ്ചിനിയറുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ ഡ്രോണ്‍ വികസിപ്പിച്ചത്. ഇതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ സൃഷ്ടിക്കാനുള്ള മത്സരമാണ് സെമിയില്‍ എത്തിയിരിക്കുന്നത്.