Connect with us

Malappuram

മണല്‍ ലോറി പിടികൂടാന്‍ ശ്രമിച്ച റവന്യൂ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമം

Published

|

Last Updated

കൊളത്തൂര്‍: അനധികൃത മണല്‍ കടത്ത് നടത്തുന്ന ലോറി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ റവന്യു വിഭാഗത്തെ അപായപ്പെടുത്താന്‍ മണല്‍ സംഘത്തിന്റെ ശ്രമം. ബുധനാഴ്ച്ച രാത്രി 12 മണിയോടെ അങ്ങാടിപ്പുറം കൊളത്തൂര്‍ റോഡിലെ മാലാപറമ്പ് ചോല ഭാഗത്തു വെച്ചാണ് സംഭവം.
പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പരിശോധന നടത്തുന്നതിനിടെയാണു കൊളത്തൂര്‍ ഭാഗത്ത് നിന്നു വരികെയായിരുന്ന മണല്‍ ലോറി തടയാന്‍ ശ്രമിച്ച സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച് രക്ഷപ്പെട്ടത്. ഇവരെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചെങ്കിലും പാലൂര്‍ കോട്ട റോഡില്‍ വെച്ച് മണല്‍ റോഡിനു നടുവില്‍ തട്ടി ലോറിയുമായി സംഘം രക്ഷപ്പെട്ടു.
ഡപ്യൂട്ടി കലക്ടര്‍ എന്‍ ഉണ്ണിക്കൃഷ്ണന്‍,ജൂനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍, ക്ലര്‍ക്ക് നാസര്‍, പ്രസൂണ്‍ എന്നിവരാണു റവന്യു സംഘത്തിലുണ്ടായിരുന്നത്. കൊളത്തൂര്‍ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു. തൂതപ്പുഴയിലെ മണല്‍ കടത്ത് വീണ്ടും സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലാമന്തോളില്‍ നിന്ന് അനധികൃതമായി കടത്താനായി സംഭരിച്ചു വെച്ച മണല്‍ ശേഖരം റവന്യു ഉേദ്യാഗസ്ഥര്‍ പിടികൂടിയിരുന്നു. തൂതപ്പുഴയിലെ മൂര്‍ക്കനാട്, വളപുരം, പുലാമന്തോള്‍, കട്ടുപ്പാറ ഭാഗങ്ങളിലെ കടവുകളില്‍ നിന്നാണ് അനധികൃത മണല്‍ കടത്ത് തകൃതിയായി നടക്കുന്നത്.
കടവുകളില്‍ പോലീസ് സാനിധ്യം ഇല്ലാത്തതും വേണ്ടത്ര സുരക്ഷയൊരുക്കാത്തതും മണല്‍ ലോബിക്ക് സഹായകമാകുന്നുണ്ട്.ഏജന്റുമാര്‍ വഴിയാണു കച്ചവടം നടക്കുന്നത്. രാത്രി പത്തു മുതല്‍ പുലര്‍ച്ച വരെയാണു സംഭരിച്ചു വെക്കുന്ന മണല്‍ ലോറികളില്‍ കടത്തുന്നത്.