Connect with us

Malappuram

മഞ്ചേരിയില്‍ പോളി ടെക്‌നിക് സ്ഥാപിക്കും: മന്ത്രി

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിനോടനൂബന്ധിച്ച് പോളി ടെക്‌നിക് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ സ്ഥാപനം യാഥാര്‍ഥ്യമാക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ മഞ്ചേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് 1.17 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിന് പുതുതായി അനുവദിച്ച തൊഴിലധിഷ്ഠിത കോഴ്‌സിന് ഭൗതിക സാഹചര്യമൊരുക്കുന്നതിനാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് നാല് പോളി ടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിനുള്ള കടലാസ് ജോലികള്‍ നടന്നു വരുന്നു. മഞ്ചേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനമുണ്ട്. ഇത് ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും പി ടി എയും കഠിന പരിശ്രമം നടത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിലവിലുള്ള സിലബസും പാഠ്യപദ്ധതിയും നവീകരിക്കും. അടുത്ത വര്‍ഷം മുതല്‍ രണ്ട്, നാല്, ആറ്, എട്ട്, പന്ത്രണ്ട് ക്ലാസുകളില്‍ സിലബസ്സ് മാറ്റം വരുത്തും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 9, 10, വി എച്ച് എസ് എസ് പാഠപുസ്തകങ്ങളും പരിഷ്‌ക്കരിക്കും. അടുത്ത വര്‍ഷം സംസ്ഥാന ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 125 പവന്റെ സ്വര്‍ണ കപ്പ് നല്‍കും. ഇതിനായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഓരോ രൂപ വീതം ഫണ്ട് സമാഹരണം നടത്തും.
എം ഉമ്മര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കണ്ണിയന്‍ അബുബക്കര്‍, വണ്ടൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസി. ശ്രീദേവി പ്രാക്കുന്ന്, കൗണ്‍സിലര്‍മാരായ കെ പി രാവുണ്ണി, വി പി ഫിറോസ്, മദനമോഹിനി പ്രസംഗിച്ചു.
സാങ്കേതി വിദ്യാഭ്യാസ വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ എന്‍ ശാന്തകൂമാര്‍ സ്വാഗതവും ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് കെ വി ഹരിദാസന്‍ നന്ദിയും പറഞ്ഞു.

Latest