വായ്പകള്‍ക്ക് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കണം: ആഭ്യന്തരവകുപ്പ്

Posted on: September 19, 2014 9:40 am | Last updated: September 19, 2014 at 9:40 am
SHARE

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ എടുക്കുന്നവര്‍ ബേങ്കുകളെയോ അംഗീകൃത ബേങ്കിംഗ് ഇതര സ്ഥാപനങ്ങളെയോ കെ.എല്‍.എല്‍.ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളേയോ സമീപിക്കണമെന്ന് ജില്ലാ പോലീസ്‌മേധാവി പുട്ട വിമലാദിത്യ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശയ്ക്ക് കൊടുക്കുന്നവര്‍, ബ്ലെയിഡ് മാഫിയകള്‍ തുടങ്ങിയ അനൗപചാരിക സ്രോതസ്സുകളില്‍ നിന്നും വായ്പകള്‍ സ്വീകരിക്കരുത്.
ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
മറ്റ് വായ്പാ സ്ഥാപനങ്ങള്‍ കേരള മണി ലെന്റേഴ്‌സ് ആക്ട് പ്രകാരം നിര്‍ബന്ധമായും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ എല്ലാ ശാഖകളിലും തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതിവേഗ വായ്പകള്‍, കുറഞ്ഞ പലിശനിരക്ക് മുതലായവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അകൃഷ്ടരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.
വായ്പ എടുക്കുന്നതിന് മുമ്പ് പലിശനിരക്ക് ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കണം. റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ ബി എഫ് സികള്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്കുകള്‍ റിസര്‍വ്വ് ബാങ്ക് നിശ്ചയിക്കുന്നതോ നിയന്ത്രിക്കുന്നതോ അല്ല.
എന്നാല്‍ വായ്പകളുടെ വാര്‍ഷിക പലിശനിരക്കുകള്‍, മറ്റ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമൊപ്പം വായ്പ എടുക്കുമ്പോള്‍ തന്നെ രേഖാമൂലം നല്‍കാനും വായ്പക്കാര്‍ക്ക് വിശദീകരിച്ചു നല്‍കാനും എന്‍ ബി എഫ് സി കള്‍ ബാധ്യസ്ഥരാണ്. വാര്‍ഷിക പലിശനിരക്ക് എത്രയാണെന്ന് പരിശോധിച്ച് വളരെ ഉയര്‍ന്നതല്ല എന്നുറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. റിസര്‍വ്വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍.ബി.എഫ്.സി.കളുടെ ലിസ്റ്റ് റിസര്‍വ്വ് ബാങ്കിന്റെ rbi.org.in site map NBFC list എന്ന വെബ്‌സൈറ്റില്‍ http://rbi.org. in/scrip-ts/BSNB-FCLi staspx ലിങ്കില്‍ ലഭ്യമാണെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.