Connect with us

Kozhikode

ലിങ്ക് റോഡ് ഉദ്ഘാടനത്തിന് എം പിയെ ക്ഷണിച്ചില്ല; വടകര നഗരസഭാ യോഗത്തില്‍ ബഹളം

Published

|

Last Updated

വടകര: ലിങ്ക് റോഡ് ഉദ്ഘാടനത്തിന് സ്ഥലം എം പി മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിക്കാത്തതിനെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. മുസ്‌ലിം ലീഗ് അംഗം പി അബ്ദുല്‍ കരീമും കോണ്‍ഗ്രസ് അംഗം അഡ്വ. ബിജോയ് ലാലും നഗരസഭയുടെ നടപടിയെ വിമര്‍ശിച്ചു.
കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എയെ ഉദ്ഘാടകനാക്കിയതെന്ന് ചെയര്‍പേഴ്‌സണ്‍ വിശദീകരണം നല്‍കിയത് ബഹളത്തിനിടയാക്കി. ഉദ്ഘാടന ചടങ്ങിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രണ്ട് യോഗങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ചു ചേര്‍ത്താണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്നും മറ്റു താത്പര്യങ്ങളൊന്നുമില്ലെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചെങ്കിലും ബഹളം അവസാനിച്ചില്ല.
എം എല്‍ എ ഉദ്ഘാടകനാകുമ്പോള്‍ എം പിയെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അരവിന്ദാക്ഷന്‍ പറഞ്ഞതോടെ വീണ്ടും ബഹളമായി. പരിപാടി നോട്ടീസ് പ്രസിദ്ധീകരിച്ച ശേഷമാണോ പ്രതിപക്ഷത്തിന് എം പിയെ ഓര്‍മവന്നതെന്ന് ഭരണപക്ഷാംഗങ്ങള്‍ ചോദിച്ചു.
നഗരസഭ പണമടച്ചിട്ടും വൈദ്യുതി ലൈന്‍ വലിക്കാന്‍ തയ്യാറാകാത്ത കെ എസ് ഇ ബി അധികൃതരുടെ നടപടിക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ അഭിപ്രായമുയര്‍ന്നു. ലിങ്ക് റോഡിന്റെ പ്രവേശനഭാഗത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങണമെന്നും ആവശ്യമുയര്‍ന്നു.
അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുരിയാടി മത്സ്യഭവന്‍ തുറന്ന് കൊടുക്കാത്തതിനും താഴെ അങ്ങാടിയിലെ കടലെടുത്ത തീരദേശ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനും എതിരെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. കെ പി ബാലന്‍, പി രോഹിണി, ഏ കെ ബാലന്‍, പാറോല്‍ ഇന്ദിര ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest