Connect with us

Kozhikode

കന്നുകാലികള്‍ക്ക് പേ വിഷബാധ; ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍

Published

|

Last Updated

പേരാമ്പ്ര: കന്നുകാലികള്‍ക്ക് വ്യാപകമായി പേ വിഷബാധയേറ്റുവെന്ന് വ്യക്തമായതോടെ കൂത്താളി, ചെറുവണ്ണൂര്‍ ഭാഗങ്ങളിലെ നിരവധി ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകാന്‍ പോലും ഭയപ്പെടുകയാണ് നാട്ടുകാര്‍.
കൂത്താളി കല്ലൂരില്‍ അടുത്ത ദിവസങ്ങളിലായി 20ല്‍പരം കന്നുകാലികളെ പേ വിഷബാധയേറ്റതുമൂലം കൊന്നു. ചെറുവണ്ണൂരിലും അടുത്തകാലത്തായി നിരവധി കന്നുകാലികളെ കൊല്ലേണ്ടിവന്നിട്ടുണ്ട്. കല്ലൂരില്‍ ഗര്‍ഭിണിയായ പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെയാണ് കൊന്നത്. ചെറുവറ്റപറമ്പില്‍ നാരായണി, വടക്കയില്‍ രാജന്‍, തറ്റുമ്മല്‍ ദേവി, ചാലില്‍ മീത്തല്‍ ദാമോദരന്‍ മാസ്റ്റര്‍, വടക്കയില്‍ വിനോദന്‍, കുന്നുമ്മല്‍ വളപ്പില്‍ കേളപ്പന്‍, ബാബു എന്നിവരുടെ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെയാണ് ഡോക്ടരുടെ നിര്‍ദേശമനുസരിച്ച് കൊന്നത്. പേ വിഷബാധ വ്യാപകമായതോടെ ഇതുവരെ ഇത്തരം ലക്ഷണങ്ങള്‍ കാണിക്കാത്ത കന്നുകാലികളുടെ അടുത്തുപോകാന്‍പോലും ധൈര്യം കിട്ടാത്ത അവസ്ഥയാണിവിടങ്ങളില്‍.
കന്നുകാലികളെ കൊല്ലേണ്ടിവന്നതോടെ ക്ഷീരകര്‍ഷകരുടെ ജീവിതം വഴിമുട്ടിയിരിക്കയാണ്. ഇവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

Latest