റോഡരികില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവാകുന്നു

Posted on: September 19, 2014 9:33 am | Last updated: September 19, 2014 at 9:33 am
SHARE

ഇരിങ്ങാലക്കുട: പോട്ട ഇരിങ്ങാലക്കുട സംസ്ഥാന പാതയിലെ പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളി പരിസരത്തുള്ള റോഡരികില്‍ പതിവായി മാലിന്യങ്ങള്‍ തള്ളുന്നത് നാട്ടുകാരെ വലയ്ക്കുന്നു.
ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ നിന്നുള്ള കോഴികളുടേയും മൃഗങ്ങളുടേയും എല്ലുകളോടുകൂടിയ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി രാത്രികളില്‍ റോഡരികില്‍ തള്ളുന്നത്. ദുര്‍ഗന്ധം കാരണം വഴിയാത്രക്കാര്‍ക്ക് ഇതുവഴി മൂക്കു പൊത്താതെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി തവണ നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും തടയാന്‍ നടപടികളില്ല. പ്രദേശത്താകെ തെരുവുനായകളുടെ ശല്ല്യം വര്‍ധിക്കാനും ഇതു കാരണമാകുന്നു.
മാലിന്യം മഴവെള്ളത്തില്‍ ഒലിച്ചിറങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ അധികൃതര്‍ നിയമ നടപടികള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.