Connect with us

Articles

മദ്യവും സാമ്പത്തിക പ്രതിസന്ധിയും: അതൊരു വലിയ നുണയാണ്

Published

|

Last Updated

സുരക്ഷിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ അപൂര്‍വമാണ്. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും നാണയപ്പെരുപ്പവും വിലവര്‍ധനയുമെല്ലാം അനിവാര്യതകളായി തുടരുകയാണ്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണം കിതച്ചും കുതിച്ചും തന്നെയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ അതിവികസിത രാഷ്ട്രങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് കുത്തുന്നതും വന്‍കിട ബേങ്കിംങ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തകരുന്നതും നാം കണ്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഭീമമായ തുക സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഗതികേട് അമേരിക്കക്കു പോലുമുണ്ടായി. ആയുധ നിര്‍മാണവും വില്‍പ്പനയും യുദ്ധങ്ങളും അധിനിവേശങ്ങളും ചൂഷണവും കൊണ്ട് സമ്പത്ത് വര്‍ധിപ്പിക്കാനും നിവര്‍ന്നു നില്‍ക്കാനും വേണ്ടി ഇത്തരം രാഷ്ട്രങ്ങള്‍ കഷ്ടപ്പെടുകയാണ്. സ്വര്‍ണം, എണ്ണ തുങ്ങിയ വിലയേറിയ അസംസ്‌കൃത പദാര്‍ഥങ്ങളാല്‍ ധന്യമായ രാഷ്ട്രങ്ങളെ കീഴടക്കി സമ്പത്ത് കൊള്ളയടിച്ച്, നിലനില്‍ക്കാനും വളരാനുമാണ് വന്‍ രാഷ്ട്രങ്ങള്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എണ്ണപ്പാടങ്ങളാല്‍ സമൃദ്ധമായ ഗള്‍ഫ് രാഷ്ട്രങ്ങളാണ് പ്രതിസന്ധികളെ അതിജീവിച്ച് ഏറെക്കുറെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത്. സ്വാശ്രയത്തിലധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അപൂര്‍ണമെങ്കിലും വലിയ പരുക്കുകളില്ലാതെ, ലോകത്തിനു മുമ്പില്‍ അപമാനിതരാകാതെ, ക്രമാനുഗതമായി വളരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളാണെന്ന് കരുതിയിരുന്ന സോവിയറ്റ് യൂനിയന്‍, ചെക് റിപ്പബ്ലിക്, യുഗോസ്ലോവ്യ, കിഴക്കന്‍ ജര്‍മനി, ഹംഗറി, ബള്‍ഗേറിയ, റുമേനിയ രാഷ്ട്രങ്ങള്‍ സാമ്പത്തികമായി തകരുകയും അനുബന്ധ രാഷ്ട്രീയ കലാപങ്ങളാല്‍ ഭരണകൂടങ്ങള്‍ വരെ നിഷ്‌കാസനം ചെയ്യപ്പെടുകയുമുണ്ടായി. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെന്നാല്‍ മുരടിപ്പും ദാരിദ്ര്യവുമാണെന്ന പാഠം വിയറ്റ്‌നാമും ക്യൂബയുമൊക്കെ മനസ്സിലാക്കിക്കഴിഞ്ഞു. യൂറോപ്പിലെ ഏതാനും ചെറിയ രാഷ്ട്രങ്ങള്‍ മാത്രമാണ് സാമ്പത്തിക തകര്‍ച്ചയെ ഏറെക്കുറെ അതിജീവിച്ചത്. ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും ഏഷ്യയിലേയും അനവധി രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ മടിച്ചു നില്‍ക്കുകയാണ്. വ്യക്തിഗതമായ വളര്‍ച്ചയേയും ഉയര്‍ച്ചയേയും വികാസത്തേയും മത്സരങ്ങളേയും ആസ്പദമാക്കി സാമൂഹിക പ്രതിബദ്ധതയോട് വിമുഖത കാണിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളും സാമൂഹികമായ വളര്‍ച്ചയിലൂടെ വ്യക്തികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുകൊള്ളുമെന്ന് കരുതുന്ന സോഷ്യലിസവും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളെ ഏതു കാലത്തും നേരിടേണ്ടിവന്നിട്ടുണ്ട്.
ഇന്ത്യ പൊതുമേഖലയേയും സ്വകാര്യമേഖലയേയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും വര്‍ഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും വിറ്റഴിച്ചുകൊണ്ട് സ്വകാര്യ മേഖലയില്‍ വിശ്വാസം അര്‍പ്പിച്ചുള്ള സാമ്പത്തിക രീതിയിലേക്ക് നാം മാറിക്കൊണ്ടിരിക്കയാണ്. അഴിമതിയും ധൂര്‍ത്തും ചുവപ്പുനാടയും കാര്യക്ഷമതയുടെ അഭാവവും ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്വരാഹിത്യവും കാരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയും വീര്‍പ്പ് മുട്ടുകയാണ്.
കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയും വ്യാവസായിക മേഖലയിലെ നിക്ഷേപത്തിന്റെ കുറവും ഉത്പാദനരംഗത്തെ മാന്ദ്യവും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിട്ടുണ്ട്. വന്‍ തോതിലുള്ള ഇറക്കുമതിയും തദനുസൃതമായ കയറ്റുമതിയുടെ അഭാവവും നമ്മെ തകര്‍ക്കുന്നു. ഈ വക പ്രശ്‌നങ്ങളെയെല്ലാം ഇന്ത്യ അഭിമുഖീകരിക്കുമ്പോള്‍ കേരളം മാത്രം അവയില്‍ നിന്ന് മോചനം നേടുകയില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുത്തുന്ന വന്‍ നഷ്ടവും നികുതി പിരിവില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും വര്‍ധിച്ചുവരുന്ന വികസന ചെലവുകളും വരുമാനക്കമ്മിയും കേരളീയ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കുകയാണ്. ഭീമമായ കട ബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. ഇന്ന് നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. വര്‍ഷങ്ങളായി കേരളം തുടര്‍ന്നുവരുന്ന സാമ്പത്തിക നയവും മിസ് മാനേജ്‌മെന്റും ഈ പ്രതിസന്ധിയുടെ കാഠിന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രവാസികളിലൂടെ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള സമ്പത്തിന്റെ കൊഴുപ്പുകൊണ്ട് നാം മുഖം മിനുക്കി നടക്കുകയായിരുന്നു. ആഗോളവത്കരണത്തെ തുടര്‍ന്ന് കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയില്‍ നേരിട്ട തകര്‍ച്ചയും നാണ്യവിളകളുടെ വിലക്കുറവും അതിരുകളില്ലാതെ വര്‍ധിച്ചുവരുന്ന ഭരണച്ചെലവും ഉള്‍പ്പെടെ അനേകം കാരണങ്ങളാലാണ് കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നത്. എല്‍ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ചപ്പോഴും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശാശ്വതമായി വളര്‍ച്ചയിലേക്ക് നയിക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയെന്ന് പറയാനാകില്ല.
ഒരു സംസ്ഥാന സര്‍ക്കാര്‍ എത്രമാത്രം ശ്രമിച്ചാലും എളുപ്പത്തില്‍ അതാത് സംസ്ഥാനങ്ങളില്‍ മാത്രം സാമ്പത്തിക സുസ്ഥിരത നേടുക സാധ്യവുമല്ല. ഇതെല്ലാം അറിയുന്നവര്‍ തന്നെ ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണം ഏതാനും ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഈ മദ്യ നയം ആവിഷ്‌കരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഗുരുതരമായ സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു. 418 ബാറുകള്‍ നേരത്തെ തന്നെ അടഞ്ഞുകിടക്കുകയായിരുന്നു. 312 ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിച്ചെങ്കിലും സുപ്രീം കോടതി നിര്‍ദേശപ്രകാരം അവ ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടുതാനും. ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിക്കുക മാത്രമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ചെയ്തത്. ഇപ്പോഴത്തെ കേരളത്തിന്റെ പ്രതിസന്ധിയും മദ്യനയവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവിധ വകുപ്പുകളിലായി പിരിഞ്ഞുകിട്ടാനുള്ള മുഴുവന്‍ നികുതിയും ഒരു നിശ്ചിത തീയതിക്കുള്ളില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കണം. മോട്ടോര്‍ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വന്‍ തോതിലുള്ള പിഴ ഈടാക്കിയും അതുപോലുള്ള, സമൂഹത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് പിഴയും മറ്റും ഈടാക്കിയും വരുമാനം വര്‍ധിപ്പിക്കണം. കേരളത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി ജനങ്ങളോട് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാറിന്റെ വരുമാനം ഏതെല്ലാം സ്രോതസ്സുകളില്‍ നിന്ന് എത്ര വീതമാണെന്നും വായ്പയായി എത്ര സംഖ്യ ഏതെല്ലാം ഏജന്‍സികളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കുടിശ്ശികയെന്തെന്നും ഈ സര്‍ക്കാറിന്റെ പണം എന്തു കാര്യങ്ങള്‍ക്ക് എത്ര വീതമാണ് ഇപ്പോള്‍ ചെലവഴിക്കുന്നതെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
സുതാര്യത ഒട്ടുമില്ലാത്ത ഇപ്പോഴത്തെ സാമ്പത്തിക മാനേജ്‌മെന്റ് സമ്പ്രദായം അവസാനിപ്പിക്കണം. രാഷ്ട്രീയ കക്ഷികളേയും ജനപ്രതിനിധികളേയും പങ്കെടുപ്പിച്ചു പ്രതിസന്ധിയുടെ കാരണവും പരിഹാരവും ചര്‍ച്ച ചെയ്യണം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും വ്യവസായികളുടെയും വ്യാപാരികളുടെയും സാമൂഹിക പ്രവര്‍ത്തകരുടേയും സാന്നിധ്യം ഇത്തരം ചര്‍ച്ചകളില്‍ ഉറപ്പ് വരുത്തണം. സര്‍ക്കാറിന്റെ വരവും ചെലവും വായ്പയും പ്രതിസന്ധിയും പരിഹാരവുമൊക്കെ ഇത്തരം കൂട്ടായ്മകളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മദ്യനയത്തിന് ഈ പ്രതിസന്ധിയുമായി പുല ബന്ധമില്ലെന്ന് കാണാന്‍ കഴിയും. സത്യസന്ധതയും സുതാര്യതയും കാര്യക്ഷമതയും സാമ്പത്തിക ഇടപാടുകളുടെ അനിവാര്യതയാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ വിവിധ രാഷ്ട്രങ്ങളിലും സംസ്ഥാനങ്ങളിലും അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണമായിട്ടുള്ളത് ആ പ്രദേശങ്ങളിലെ മദ്യ നയമോ നിരോധമോ അല്ലെന്ന് വ്യക്തമാവും. മദ്യ മാഫിയകളും കേരളത്തിനകത്തും പുറത്തുമുള്ള വന്‍കിട അബ്കാരി വ്യവസായികളുമാണ് ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെന്ന് മനസ്സിലാകും.
സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിലും മുന്നണിയിലും സ്വാധീനം ചെലുത്താനും പ്രതിപക്ഷത്തെ തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി ഉപയോഗിക്കാനും ലാഭക്കൊതിയന്മാരായ ചിലര്‍ കെട്ടഴിച്ചുവിടുന്ന നുണയാണ് ഇവയെന്ന് കാണാം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയില്‍ ഒരു പോറലേല്‍പ്പിക്കാന്‍ സമ്പൂര്‍ണ മദ്യനിരോധത്തിന് പോലും കഴിയില്ല. ഈ വിഷയങ്ങളെ രണ്ടായി കാണാന്‍ നാം തയ്യാറാകണം. മദ്യവും ലഹരി പദാര്‍ഥങ്ങളും പൂര്‍ണമായി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ തോതിലുള്ള വളര്‍ച്ചയുണ്ടാകും. കുടുംബങ്ങളില്‍ ഐശ്വര്യവും സമൃദ്ധിയും സമാധാനവും കളിയാടും. മനുഷ്യരുടെ കരള്‍ കാര്‍ന്നുതിന്നുന്ന അനേകം രോഗങ്ങളില്‍ നിന്ന് എത്രയോ ആളുകള്‍ രക്ഷ പ്രാപിക്കും. കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റം കാംക്ഷിക്കുന്ന സര്‍വരും ഈ മദ്യ നയത്തെ പിന്തുണക്കുകയാണ് വേണ്ടത്. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ഇപ്പോള്‍ ചെയ്തത് പോലെ പൊതു ജനങ്ങളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള നികുതി വര്‍ധന ഏര്‍പ്പെടുത്തുന്നതും ഉചിതമല്ല. വരുമാന വര്‍ധനവിന് വേണ്ടി സ്വീകരിക്കുന്ന എല്ലാ നടപടികളും വേണ്ടത്ര ആലോചിച്ച് മാത്രമേ ആവിഷ്‌കരിക്കാവൂ.

---- facebook comment plugin here -----

Latest