ജനങ്ങളുടെ മേല്‍ വീണ്ടും അധികഭാരം

Posted on: September 19, 2014 6:00 am | Last updated: September 18, 2014 at 7:56 pm
SHARE

സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. വെള്ളക്കരം, ഭൂനികുതി, തോട്ടം നികുതി, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് തുടങ്ങിയവയുടെ വര്‍ധനയിലൂടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നടപടികളാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. 50 മുതല്‍ 60 ശതമാനം വരെയാണ് വെള്ളക്കരത്തില്‍ വരുത്തിയ വര്‍ധന. 15 മുതല്‍ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടിയത്. ഭൂനികുതിയും തോട്ടം നികുതിയും കൂട്ടിയതിന് പുറമെ ഭൂമിയുടെ ന്യായവില ഉയര്‍ത്താനും തീരുമാനമുണ്ട്. 2000 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
പെട്ടെന്നുണ്ടായതല്ല സംസ്ഥാനം ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി. മുന്ന് വര്‍ഷത്തോളമായി ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങയിട്ട്. അപ്പോഴെല്ലാം മുഖ്യമന്ത്രിയും ധനമന്ത്രിയും നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയതോടെയാണ് പ്രതിസന്ധി സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. സി എ ജി റിപ്പോര്‍ട്ട് പ്രകാരം പ്രത്യക്ഷ നികുതിയിനത്തിലല്ലാതെ സര്‍ക്കാറിന് 12243.86 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ 7855.55 കോടിയും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉണ്ടായതാണ്. നികുതി പിരിച്ചെടുക്കുന്നതിലെ കടുത്ത അനാസ്ഥയാണ് കുടിശ്ശിക ഇത്രയേറെ വര്‍ധിക്കാനിടവരുത്തിയത്. പതിനായിരം കോടിയിലേറെ രൂപയാണ് വില്‍പ്പന നികുതിയിനത്തില്‍ മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിഞ്ഞുകിട്ടാനുള്ളത്. ഇതു തന്നെ കൃത്യമായ കണക്കല്ല. പല വന്‍കിട വാണിജ്യ സ്ഥാപനങ്ങളും നല്‍കുന്ന കണക്കുകള്‍ വ്യാജമാണെന്നും എന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്നും വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. വന്‍കിടക്കാരായ നികുതിദായകരും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് നികുതി പിരിവിന് പ്രധാന തടസ്സം. നികുതി വരുമാനത്തിലെ വന്‍ ഇടിവാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ബജറ്റില്‍ കാണിക്കുന്ന വരവ് ഖജനാവില്‍ എത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടപ്പോള്‍ തന്നെ ഭരണ രംഗത്തെ ധൂര്‍ത്ത് ഒഴിവാക്കുകയും നികുതി പിരിവ് ഊര്‍ജിതമാക്കുന്നതുള്‍പ്പെടെ വരുമാന വര്‍ധനവിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ പ്രതിസന്ധി മറികടക്കാനാകുമായിരുന്നു. നികുതി പിരിവ് ലക്ഷ്യത്തിലെത്തിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് വന്‍കിട വാണിജ്യ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി നടത്തിപ്പ് അവതാളത്തിലാണ്. കഴിഞ്ഞ വര്‍ഷം13,000 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. വിനിയോഗം 9851 കോടിയും. എന്നാല്‍ ഭരണച്ചെലവ് ഒട്ടും കുറയുന്നില്ലെന്ന് മാത്രമല്ല, വന്‍ തോതില്‍ കൂടിവരികയുമാണ്. 2060 കോടിയാണ് ഒരു വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ നിത്യച്ചെലവിലുണ്ടായ വര്‍ധന. കടമെടുക്കുന്ന പണം ശമ്പളം, പെന്‍ഷന്‍, പലിശയടവ് തുടങ്ങിയ നിത്യനിദാന ചെലവുകള്‍ക്ക് തന്നെ തികയുന്നില്ല. സംസ്ഥാനത്തിന്റെ കടബാധ്യത 1,02,684.93 കോടി രൂപയാണെന്നാണ് ഈ വര്‍ഷം ആദ്യത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നത്. സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് 1.32 ലക്ഷം കോടിയായി ഉയര്‍ന്നേക്കുമെന്നാണ് സൂചന. പ്രതിശീര്‍ഷ കടത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. നിത്യനിദാനച്ചെലവില്‍ കാല്‍ ഭാഗത്തോളം പലിശയടവിന് മാത്രം നീക്കി വെക്കേണ്ട ദുരവസ്ഥയിലേക്കാണ് ധനകാര്യ വകുപ്പിന്റെ പിടിപ്പുകേട് സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകളില്‍, ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. ഈ രംഗത്ത് സമഗ്രമായ അഴിച്ചു പണി ഉണ്ടാകുന്നില്ലെങ്കില്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരും.
പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നികുതി ഭാരം ചുമത്തുന്ന പതിവു ശൈലി മാറ്റി, നികുതി പിരിവ് ലക്ഷ്യത്തിലെത്തിക്കാനും നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുമുള്ള നടപടികളാണ് വേണ്ടത്. സംസ്ഥാന രൂപവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ നികുതിയേതര വിഹിതത്തില്‍ നിന്നുള്ള വിഹിതം 43.5 ശതമാനം വരുമായിരുന്നു. ഇന്നിപ്പോള്‍ അത് കുത്തനെ താഴ്ന്നു 12.3 ശതമാനത്തിലെത്തി. പ്രത്യുത്പാദനപരമായ മേഖലകളിലെ മുതല്‍മുടക്കില്‍ വന്ന കുറവ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സമഗ്രമായ പഠനത്തിലൂടെ ഇതിന് പ്രായോഗിക പരിഹാരം കണ്ടെത്തി സാധാരണക്കാരന്റെ ജീവിത ഭാരം ലഘൂകരിക്കാനുള്ള മാര്‍ഗമാണ് ജനായത്ത സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.