Connect with us

International

ഫിജി തിരഞ്ഞെടുപ്പ്: മുന്‍ അട്ടിമറി നേതാവ് ഫ്രാങ്ക് ബൈനിമാരമ വിജയത്തിലേക്ക്

Published

|

Last Updated

സുവ: ഫിജിയില്‍ മുന്‍ നേതാവ് ഫ്രാങ്ക് ബൈനിമാരമ വിജയത്തിലേക്ക്. മുതിര്‍ന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കീഴില്‍ നടക്കുന്ന വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തലസ്ഥാനമായ സുവയിലെ കേന്ദ്രത്തില്‍ നിന്ന് ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഫ്രാങ്ക് ബൈനിമാരമ ശക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. എട്ട് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പകുതി വെട്ടെണ്ണല്‍ നടന്നപ്പോള്‍ ബൈനിമാരമയുടെ പാര്‍ട്ടി ഫിജിഫസ്റ്റ് പാര്‍ട്ടി 60 ശതമാനം വോട്ടിലേറെ നേടിയിട്ടുണ്ട്. എതിര്‍ പക്ഷത്തുള്ള സോഡല്‍പ പാര്‍ട്ടിക്ക് 26 ശതമാനം വോട്ട് മാത്രമേ നേടാനായിട്ടുള്ളൂ.
2006ലാണ് മുന്‍ സൈനിക മേധാവിയായ ബൈനിമാരമ അട്ടിമറിയിലൂടെ അധികാരത്തിലെത്തുന്നത്. 5,90,000 വോട്ടര്‍മാരില്‍ 3,87,400 വോട്ടുകള്‍ എണ്ണിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലിമെന്റിലെ 50 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനെത്തിയ അന്താരാഷ്ട്ര സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത ദിവസം അവരുടെ കണ്ടെത്തലുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1987 മുതല്‍ ഫിജിയില്‍ നാല് തവണ സൈനിക അട്ടിമറിയുണ്ടായിട്ടുണ്ട്. തദ്ദേശീയരായ ഫിജിയന്‍ വംശജരും ഇന്ത്യന്‍ വംശജരും തമ്മില്‍ സംഘര്‍ഷ സാധ്യത രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും നിരീക്ഷിക്കുന്നവരുണ്ട്. ഇതാദ്യമായാണ് വംശീയത അടിസ്ഥാനമാക്കാത്ത തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയും സ്ഥിരതയും ലക്ഷ്യമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന അവകാശ വാദവുമായിട്ടാണ് ബൈനിമാരമ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിച്ചതിലൂടെ ബൈനിമാരമ അഭിപ്രായ സാതന്ത്ര്യം നിഷേധിച്ചിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആരോപിച്ചു. സൈനിക അട്ടിമറിക്ക് ശേഷം ഫിജിക്ക് മേല്‍ ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധങ്ങള്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു.