Connect with us

Books

നാദാപുരം പ്രമേയമാക്കി ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങുന്നു

Published

|

Last Updated

മലപ്പുറം: നാദാപുരത്തിന്റെ സാമൂഹിക ജീവിതം പ്രമേയമാക്കി മലയാളിയുടെ തൂലികയില്‍ നിന്ന് ഇംഗ്ലീഷ് നോവല്‍ പുറത്തിറങ്ങുന്നു. ഇംഗ്ലീഷ് കവിയും അധ്യാപകനുമായ പി എ നൗഷാദിന്റെ “ബിഫോര്‍ ദ ഡെത്ത്” എന്ന നോവലാണ് നാദാപുരത്തിന്റെ കഥ പറയുന്നത്. സംഘര്‍ഷ ഭരിതമായ നാദാപുരത്തിന്റെ തീക്ഷ്ണ ജീവിതമാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ശഫീഖ് എന്ന ചെറുപ്പക്കാരനാണ് നോവലിലെ കേന്ദ്രകഥാപാത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന ഷഫീഖിന്റെ ഓര്‍മകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് നോവല്‍ വളരുന്നത്. യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നുള്ള അന്വേഷണമാണ് നാദാപുരത്തിന്റെ പശ്ചാത്തലത്തില്‍ നൗഷാദ് പറയുന്നത്. ഭീകരതയുടെ വളര്‍ച്ചയില്‍ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെ ഈ നോവല്‍ കണ്ടെത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ജയിലില്‍ കഴിയുന്ന ശഫീഖ് ഖുര്‍ആന്‍ പഠിക്കുകയും യഥാര്‍ഥ ഇസ്‌ലാമിക ആശയങ്ങളെ അടുത്തറിയുകയും നേരറിവുകള്‍ ഉള്ളിലെത്തുമ്പോള്‍ പശ്ചാത്താപ മനസ്സിന്റെ ഉടമയായി മാറുകയും ചെയ്യുന്നു.
ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. കക്കട്ടിലിനടുത്ത ചീക്കോന്നില്‍ ജനിച്ചുവളര്‍ന്ന നൗഷാദ് നാദാപുരം പേരോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാണ്. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ നാദാപുരത്തിന്റെ വേദനകളാണ് തീക്ഷ്ണമായി നോവലിലേക്ക് പകര്‍ത്തിയിരിക്കുന്നത്. വിഭാഗീയതകള്‍ക്കും അക്രമങ്ങള്‍ക്കുമപ്പുറം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ശാന്തിയുടെയും ലോകം തിരിച്ചുപിടിക്കാനുള്ള പ്രാര്‍ഥന കൂടിയാണീ നോവലെന്ന് നൗഷാദ് പറയുന്നു.
ഈറോഡ് റൂട്ട്‌സ് ആന്‍ഡ് വിങ്‌സെന്ന പബ്ലിഷിംഗ് കമ്പനിയുടെ ബാനറില്‍ കെസി ജയിംസ് എന്ന തമിഴ്‌നാട്ടുകാരനാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ 26,27 തീയതികളില്‍ തിരുവന്തപുരത്ത് നടക്കുന്ന ഇംഗ്ലീഷ് കവികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പുസ്തകം പ്രകാശനം ചെയ്യും.

Latest