സാമ്പത്തിക കുറ്റകൃത്യം: പിടിയിലായത് 6,800 പേര്‍

Posted on: September 18, 2014 5:22 pm | Last updated: September 18, 2014 at 5:22 pm
SHARE

arrestദുബൈ: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 6,800 പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് വെളിപ്പെടുത്തി. ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപുള്ളികളുടെ പട്ടിക ദുബൈ പോലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായവര്‍. ഈ വര്‍ഷത്തിന്റെ ആദ്യ എട്ടുമാസത്തിനിടയില്‍ അറസ്റ്റ് ചെയ്തവരുടെ കണക്കാണിത്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1,800 കോടി ദിര്‍ഹം പ്രതികളില്‍ നിന്നു കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി.
വണ്ടി ചെക്ക് നല്‍കല്‍, മോഷണം, ബിസിനസുമായി ബന്ധപ്പെട്ട് ചതിക്കല്‍, കുംഭകോണം തുടങ്ങിയവ കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും ഉള്‍പ്പെടും. താമസക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. കമ്പനികളാണ് ജീവനക്കാര്‍ക്കെതിരെ പണം അപഹരിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
6,840 പേരെയാണ് 2014ന്റെ ആദ്യ എട്ടുമാസങ്ങളില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ 8,700 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു കേസുകളില്‍ അന്വേഷണം നടത്തിയത്. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീനയുടെ നിര്‍ദേശ പ്രകാരമായിരുന്നു കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചതും ഇത്രയും പേരെ അറസ്റ്റ് ചെയ്തതും.
പിടികൂടിയവരില്‍ ഒരാളെ മെര്‍ക്കുറി എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തി വിദഗ്ധമായി രക്ഷപ്പെടുന്ന രീതി സ്വീകരിച്ച അറബ് വംശജനായിരുന്നു ഇയാള്‍. 51 ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. ചോദ്യം ചെയ്യലിനിടയില്‍ സെല്ലില്‍ നിന്നു രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചിരുന്നു. 25 കാരനായ ഈ അറബ് യുവാവ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന്റെ കസ്റ്റഡിയിലാണ്.
പിടിയിലായവരില്‍ 14.5 കോടി ദിര്‍ഹത്തിന്റെ വഞ്ചനാക്കുറ്റം ചെയ്ത യൂറോപ്യന്‍ വംശജനും ഉള്‍പ്പെടും. ഇയാള്‍ക്കെതിരെ ഏഷ്യക്കാരന്‍ 60 പരാതികളാണ് വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസില്‍ നല്‍കിയിരുന്നത്.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ വിഭാഗം 7,000 ടെലിഫോണ്‍ കോളുകള്‍ ഈ വര്‍ഷം സ്വീകരിച്ചതായും അല്‍ മന്‍സൂരി പറഞ്ഞു.