Connect with us

Gulf

വിസയുമായി ബന്ധപ്പെട്ട പിഴയൊടുക്കേണ്ടത് തൊഴിലുടമ

Published

|

Last Updated

അബുദാബി: നിയമാനുസൃതമായി തൊഴിലാളിക്ക് വിസയെടുക്കാതിരിക്കുകയോ കാലാവധി തീര്‍ന്ന വിസ പുതുക്കാതിരിക്കുകയോ ചെയ്തത് കാരണം മന്ത്രാലയം ചുമത്തുന്ന പിഴയൊടുക്കേണ്ടത് തൊഴിലുടമയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ബാധ്യതയുമില്ലെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
ഓരോ തൊഴിലാളിക്കും നിയമാനുസൃതം വിസയും തൊഴില്‍ രേഖകളും ഉണ്ടാകേണ്ടതും അവ കാലാവധി തീരുന്ന പക്ഷം യഥാസമയത്ത് പുതുക്കേണ്ടതും തൊഴിലുടമകളുടെ ബാധ്യതയാണ്. ഇവക്കുണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ പൂര്‍ണമായും വഹിക്കേണ്ടതും തൊഴിലുടമകള്‍ തന്നെയാണ്. ഇതില്‍ നിന്ന് യാതൊന്നും തൊഴിലാളിയുടെ ബാധ്യതയായി വരുന്നില്ലെന്ന് അബുദാബി ലേബര്‍ ഓഫീസ് ഡയറക്ടര്‍ ഖാസിം മുഹമ്മദ് ജമീല്‍ വ്യക്തമാക്കി.
പിഴ ചുമത്തപ്പെട്ട തൊഴിലാളി, പിഴയൊഴിവായിക്കിട്ടാന്‍ നല്‍കുന്ന ഏതൊരപേക്ഷയും തൊഴിലുടമ മുഖേനയായിരിക്കണം. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കപ്പെടുകയില്ല, ഖാസിം ജമീല്‍ അറിയിച്ചു. തൊഴിലുടമ സ്ഥാപനം പൂട്ടി മുങ്ങുന്ന സാഹചര്യത്തില്‍ വിസയും തൊഴില്‍ രേഖകളും റദ്ദ് ചെയ്യുന്ന നടപടികള്‍ മന്ത്രാലയം നേരിട്ട് ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട പിഴ സംഖ്യയുണ്ടെങ്കില്‍ തൊഴിലാളിയെ അതില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതുമാണെന്നും ഖാസിം ജമീല്‍ അറിയിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും തൊഴിലാളികള്‍ വഞ്ചിക്കപ്പെടാന്‍ കാരണമാകാറുണ്ട്. തന്റെ ഉത്തരവാദിത്തത്തിലല്ലാത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടതായും വരാറുണ്ട്.
തൊഴിലുടമകളും തൊഴിലാളികളും നിയമത്തില്‍ പറയുന്ന തങ്ങളുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി അറിഞ്ഞിരിക്കേണ്ടത് തൊഴില്‍ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് നല്ലതാണെന്നും ഖാസിം ജമീല്‍ പറഞ്ഞു.