Connect with us

Gulf

ഉമ്മുല്‍ ഖുവൈന്‍ നഗരം ഇനി സ്മാര്‍ട് ക്യാമറകളുടെ നിരീക്ഷണത്തില്‍

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ ഉമ്മുല്‍ ഖുവൈന്‍ നഗരത്തില്‍ സ്മാര്‍ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയതായി പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. അപകടരഹിതവും സുരക്ഷിതവുമായ നഗരം സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനു പുറമെ മറ്റു കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് ഇത്തരം സ്മാര്‍ട് ക്യാമറകള്‍ ഏറെ സഹായകമാവുമെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ഹുമൈദ് മതര്‍ അജീല്‍ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ക്യാമറ ദൃശ്യങ്ങള്‍ക്കാവുമെന്നും ഹുമൈദ് മതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന മോഷണക്കുറ്റങ്ങളെ നിയന്ത്രിക്കുക എന്നത് ക്യാമറകള്‍ വ്യാപിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതാണ.് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഗരത്തിലെ മോഷണക്കേസുകളില്‍ വര്‍ധനവുണ്ടായതാണ് പോലീസിനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് മോഷണക്കേസുകളില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഹുമൈദ് മതര്‍ അറിയിച്ചു.
നഗരത്തിലെ താമസക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം സൃഷ്ടിക്കുക എന്നതാണ് പോലീസിന്റെ പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Latest