ചൈനയുമായുള്ള ബന്ധം പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനമന്ത്രി

Posted on: September 18, 2014 2:30 pm | Last updated: September 19, 2014 at 12:46 am
SHARE

modi-xijinping22222

ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകും. ചൈനയുമായുള്ള ബന്ധം പുതുയുഗപ്പിറവിയായിരിക്കും. ഊഷ്മളമായ ബന്ധത്തിന് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.
ഇരു രാഷ്ട്രത്തലവന്‍മാരും 12 കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ ചൈന രണ്ട് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൊണ്ട് 120000 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന വിപണിയല്‍ ഇളവ് നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തും. വ്യാപാരം വര്‍ധിപ്പിക്കുന്നതിനും റെയില്‍വേയെ മെച്ചപ്പെടുത്തുന്നതിനും സഹകരിക്കും. മാനസ സരോവര്‍ യാത്രക്ക് പ്രത്യേക പാത നിര്‍മ്മിക്കും.സൈനികേതര ആണവോര്‍മേഖലയില്‍ സഹകരണത്തിനും ധാരണയായി.
അതിര്‍ത്തിയിലെ ചൈനീസ് സേനയുടെ കടന്നുകയറ്റവും പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നല്ല ബന്ധത്തിന് അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാവണമെന്ന് അദ്ദേഹം ഷി ജിന്‍പിങിനെ ഓര്‍മ്മിപ്പിച്ചു. മന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കാളിയായി.