Connect with us

Wayanad

പരിമിതികള്‍ക്ക് നടുവിലും മെഡലുകള്‍ വിളയിച്ച് പുല്‍പള്ളി ആര്‍ച്ചറി അക്കാദമി

Published

|

Last Updated

പുല്‍പള്ളി:പരിമിതികള്‍ക്ക് നടുവിലും മെഡലുകള്‍ വിളയിച്ച് പുല്‍പള്ളി ആര്‍ച്ചറി അക്കാദമി. ഏറ്റവും ഒടുവില്‍ പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ അമ്പെയ്ത്ത് മത്സരത്തിലും അക്കാദമിയിലെ കുട്ടികള്‍ മൂന്ന് മെഡലുകള്‍ കൊയ്തു.
ഇന്ത്യന്‍ റൗണ്ടില്‍ വ്യക്തിഗത ഇനത്തില്‍ ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് നേട്ടം. എം.പി.മനീഷയാണ് അക്കാദമിയെ പ്രതിനിധാനം ചെയ്ത് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. വി.കെ.സുരഭി, സിദ്ധാര്‍ത്ഥ് രാജഗോപാല്‍ എന്നിവരുടേതാണ് യഥാക്രമം വെള്ളി, വെങ്കല നേട്ടം.
അക്കാദമിയില്‍ അമ്പെയ്ത്ത് പരിശീലിക്കുന്നതില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള 10 പേരാണ് സീനിയര്‍ അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുത്തത്. ഇല്ലായ്മകളില്‍ കാലുകളൂന്നിയാണ് അക്കാദമിയില്‍ ധനുര്‍വിദ്യാതത്പരരായ കുട്ടികളുടെ പരിശീലനം. അതിനാല്‍ ഓരോ മെഡലിനുമുണ്ട് വേറിട്ട തിളക്കം.
പുല്‍പള്ളി വില്ലേജിലെ കൊളറാട്ടുകുന്നില്‍ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ 128/2, 129/2, 129/3, 129/4, 129/5 എന്നീ സര്‍വേ നമ്പരുകളില്‍പ്പെട്ട രണ്ട് ഏക്കര്‍ ഭൂമിയിലാണ് ആര്‍ച്ചറി അക്കാദമി. ഇവിടെ എട്ട് ഏക്കര്‍ ഭൂമിയാണ് അക്കാദമിക്കായി പുല്‍പള്ളി പഞ്ചായത്ത് ഏറ്റെടുത്ത് 2010 ജനുവരി 10ന് സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിനു കൈമാറിയത്. മൂന്നു വര്‍ഷത്തിനകം അക്കാദമി എല്ലാവിധ സജ്ജികരണങ്ങളോടെയും പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ തിരിച്ചെടുക്കും എന്ന വ്യവസ്ഥയോടെയായിരുന്നു ഭൂമി കൈമാറ്റം.അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറാണ് ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങിയത്. അക്കാദമിയുമായി ബന്ധപ്പെടട്ട പ്രവൃത്തികള്‍ മുന്നു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സാഹചര്യത്തില്‍ പഞ്ചായത്ത് ആറ് എക്കര്‍ സ്ഥലം തിരിച്ചുപിടിച്ചു. അവശേഷിക്കുന്ന രണ്ട് ഏക്കറാണ് നിലവില്‍ അക്കാദമിയുടെ കൈവശം.
2010-ല്‍ 10 കുട്ടികളുമായാണ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 15 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 28 പേരാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. 19 വയസില്‍ താഴെയുള്ളവരാണ് ഇവര്‍. മറ്റു വിദ്യാലയങ്ങളില്‍നിന്നായി വേറെ 20 പേരും ഇവിടെ പരിശീലനത്തിനു എത്തുന്നുണ്ട്. ആദിവാസികളിലെ കുറിച്യ സമുദായത്തില്‍പ്പെട്ടവരാണ് അക്കാദമിയിലെ കുട്ടികളില്‍ അധികവും. അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ നൈസര്‍ഗിക വാസനയുള്ളവരാണ് കുറിച്യസമുദായത്തിലെ ആണും പെണ്ണും.
അക്കാദമിക്കായി നാമമാത്ര പ്രവൃത്തികളാണ് ഇതിനകം നടത്താനായത്. അമ്പെയ്ത്ത് പരിശീലനത്തിനു 100 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലും അര ലക്ഷം രൂപ ചെലവില്‍ ഗ്രൗണ്ട് നിര്‍മിച്ചതും 4.7 ലക്ഷം രൂപ ചെലവില്‍ സ്ഥലത്തിനുചുറ്റും വേലി കെട്ടിയതുമാണ് ഇതിനകം പൂര്‍ത്തിയായ പ്രവൃത്തികള്‍. ഹോസ്റ്റല്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്. നിലവില്‍ അക്കാദമിയില്‍നിന്നു ഒന്നര കിലോ മീറ്റര്‍ അകലെ മാരപ്പന്‍മൂലയില്‍ വാടകമുറികളിലാണ് കുട്ടികളുടെ താമസം.
പൂര്‍ണസജ്ജമല്ല അക്കാദമിയിലെ ഗ്രൗണ്ട്. ആര്‍ച്ചറി ഉപകരണങ്ങളും ആവശ്യത്തിനില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സിലോ സര്‍ക്കാരോ കൈയയച്ച സഹായം നല്‍കുന്നില്ല. വിദഗ്ധ പരിശീലനത്തിനുള്ള ഉപകരണങ്ങളില്‍ പലതും സ്വന്തം നിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് കുട്ടികള്‍.
ഒരാള്‍ക്ക് ഒരു വര്‍ഷം പരിശിലനത്തിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ആവശ്യം.
പരിമിതികള്‍ക്കിടയിലും വയനാടിന്റെ അഭിമാനമായി മാറുകയാണ് ആര്‍ച്ചറി അക്കാദമി. 2013ലെ സംസ്ഥാന ജൂനിയര്‍ അമ്പെയ്ത്ത് മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ വയനാട് ടീമിനെ പ്രതിനിധാനം ചെയ്തതിലധികവും അക്കാദമിയില്‍നിന്നുള്ളവരാണ്. ഇത്തവണത്തെ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ മനീഷയടക്കമുള്ളവര്‍ ആര്‍ച്ചറിയില്‍ ഭാവി വാഗ്ദാനങ്ങളാണെന്ന് അക്കാദമിയിലെ മുഖ്യ പരിശീലകന്‍ സി.ആര്‍.ബാലകൃഷ്ണന്‍ പറഞ്ഞു. 2013-“14ലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ് വടക്കേവയനാട്ടിലെ വരയാല്‍ ഇടമന സ്വദേശിയായ മനീഷ. അമ്പെയ്ത്ത് മത്സരത്തില്‍ ദേശീയതലത്തില്‍ കേരളത്തിനാദ്യമായി സ്വര്‍ണമെഡല്‍ ലഭിച്ചത് മനീഷയിലൂടെയാണ്.2013-“14ലെ അന്തര്‍ സര്‍വകലാശാല മീറ്റില്‍ രണ്ട് വെള്ളിയും മനീഷ നേടിയിരുന്നു. അക്കാദമിയിലെ ശരണ്യ, സുരഭി, ജെറാള്‍ഡ്, സിദ്ധാര്‍ഥ് തുടങ്ങിയവരും ദേശീയ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനംകാഴ്ചവെച്ചവരാണ്. മികച്ച പരിശീലനത്തിനു സാഹചര്യം ഒരുങ്ങിയാല്‍ രാജ്യത്തിനുതന്നെ അഭിമാനമായി മാറാന്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് കഴിയുമെന്ന് മുഖ്യപരിശീലകന്‍ പറഞ്ഞു.

 

Latest