ഒരാള്‍ക്ക് ഒരു പദവി: ലീഗ് നയം ജില്ലയില്‍ മാത്രം നടപ്പായില്ല

Posted on: September 18, 2014 9:55 am | Last updated: September 18, 2014 at 9:55 am
SHARE

leagueമണ്ണാര്‍ക്കാട്: ഒരാള്‍ക്ക് ഒരു പദവി എന്ന മുസ്‌ലിംലീഗ് സംസ്ഥാാന കമ്മിറ്റിയുടെ നയം പാലക്കാട് ജില്ലയില്‍ മാത്രം നടപ്പായില്ല. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി വരെ സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് അനുസരിച്ച് മന്ത്രി സ്ഥാനം മാത്രമായി നിലനിര്‍ത്തിയപ്പോഴാണ് ജില്ലയില്‍ ഇത്തരം ഇരട്ടത്താക്കോല്‍ സ്ഥാനം തുടരുന്നത്. ജില്ലാ ഭാരവാഹികളായ പ്രമുഖ നേതാക്കളുള്‍പ്പെടെ പാര്‍ട്ടി സ്ഥാനത്തോടൊപ്പം വിവിധ കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്‍ സ്ഥാനം കൂടി നിലനിര്‍ത്തി പോരുന്നുണ്ട്. പ്രാദേശികമായും ഈ പ്രവണത ജില്ലയില്‍ തുടരുകയാണ്. ജനപ്രതിനിധകളുള്‍പ്പെടെ പലരും പാര്‍ട്ടിയിലും പ്രാധാന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനം പ്രാവര്‍ത്തിക മാക്കിയപ്പോഴും പാലക്കാട് ജില്ലയില്‍ പഴയ സ്ഥിതിയില്‍ നിന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് കാരണം.
കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും പാര്‍ട്ടിയിലെ പുതു തലമുറക്ക് അവസരങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയായിരുന്നു മുസ്‌ലിംലീഗിലെ ഈ നീക്കം. എന്നാല്‍ സംസ്ഥാന തലത്തില്‍ ചില നേതാക്കളില്‍ മാത്രമായി ഈ ആശയം ഒതുങ്ങി നില്‍ക്കുകയാണ്. ജനപ്രതിനിധികള്‍ പാര്‍ട്ടിയില്‍ മറ്റുസ്ഥാനങ്ങള്‍ വഹിക്കാന്‍ പാടില്ല, മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും ഒരേ സമയം ഒരാള്‍ക്ക് ഒന്നിലധികം സ്ഥാനങ്ങള്‍ വഹിക്കാന്‍ പടില്ല. ജനപ്രതിനിധികള്‍ക്കൊ പാര്‍ട്ടി ‘ാരവാഹികള്‍ക്കൊ സഹകരണ സംഘങ്ങളിലൊ മറ്റ് സംഘങ്ങളിലൊ ഭാരവാഹിത്വം പാടില്ല തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന കമ്മിറ്റി ശക്തമായി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പാലക്കാട് മാത്രമല്ല മറ്റുപല ജില്ലകളിലും ഈ തീരുമാനം നടപ്പിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയുടെ പല ഭാഗങ്ങളിലും പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണ് എന്നതാണ് സംസ്ഥാന കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതിനുളള തടസ്സമായി നില്‍ക്കുന്നതെന്നാണ് സൂചന.