Connect with us

Malappuram

'മായാവി'യില്‍ കുടുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Published

|

Last Updated

വേങ്ങര: മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളിലും റഡാറുകളിലും കുടുങ്ങാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച് വിലസുന്നവര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് കെണിയൊരുക്കുന്നു. “മായാവി” എന്ന് പേരിട്ട പ്രത്യേക നമ്പര്‍ പ്ലേറ്റാണ് അധികൃതരെ കുഴക്കിയിരിക്കുന്നത്. ക്യാമറകളും റഡാറുകളും റോഡ് സൈഡിലാണ് സ്ഥാപിക്കാറ്. “മായാവി” എന്ന നമ്പര്‍ പ്ലേറ്റ് സൈഡില്‍ നിന്ന് നോക്കിയാല്‍ അക്ഷരങ്ങള്‍ അപ്രത്യക്ഷമായി മാത്രമേ കാണുകയുള്ളൂ. ഇക്കാരണം കൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ ചെയ്താലും ഇത്തരം വാഹനങ്ങള്‍ ക്യാമറയില്‍ പതിയില്ല. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് ഇതിനെതിരെ നടപടികളെടുക്കുന്നത്. തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അശോകന്റെ നേതൃത്വത്തില്‍ വേങ്ങര, ചെമ്മാട്, കോട്ടക്കല്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ഇത്തരം വാഹനങ്ങള്‍ പരിശോധിച്ചു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച ഇരുപത് വാഹനങ്ങളാണ് ഇന്നലെ പിടികൂടിയത്. ഇത്തരം ബോര്‍ഡുകള്‍ മാറ്റി നിയമാനുസൃതമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച ശേഷം ആര്‍ ടി ഒ ഓഫീസില്‍ ഹാജരാവാനാണ് ഇത്തരം വാഹന ഉടമകളോടുള്ള നിര്‍ദേശം. രണ്ടായിരം രൂപ മുതല്‍ മേലോട്ടാണ് ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം വാഹനങ്ങളുടെ പരിശോധന തുടരും. മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്തതും നികുതി അടക്കാത്തതും രേഖകളില്ലാത്തതുമായ 65 വാഹനങ്ങള്‍ പിടികൂടി. ഇവരില്‍ നിന്ന് 46000 രൂപ പിഴ ഈടാക്കി. എം വി ഐ അബ്ദുല്‍ സുബൈര്‍, അസി. എം വി ഐ മാരായ പി കെ ശഫീഖ്, സുരേഷ് ബാബു പരിശോധനക്ക് നേതൃത്വം നല്‍കി.