അഞ്ച് ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങളുമായി നാല് പേര്‍ പിടിയില്‍

Posted on: September 18, 2014 9:47 am | Last updated: September 18, 2014 at 9:47 am
SHARE

pan productsചങ്ങരംകുളം: അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന പാന്‍മസാല ഉത്പന്നങ്ങളുമായി നാല് പേരെ ചങ്ങരംകുളം പോലീസ് പിടികൂടി.
വളയംകുളം സ്വദേശികളായ കണ്ടലായില്‍ സുബീഷ്(26), സഹോദരന്‍ സുജേഷ്(28), വല്ലപ്പുഴ സ്വദേശി കാളപ്പറമ്പില്‍ മുഹമ്മദാലി(38), മണ്ണാരംകുന്നത്ത് അബ്ദുല്‍ അസീസ്(29) എന്നിവരെയാണ് ചങ്ങരംകുളം എസ് ഐ ശശീന്ദ്രന്‍ മേലേതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 16 ചാക്ക് പാന്‍പരാഗ്, ഹാന്‍സ് എന്നീ പാന്‍ ഉത്പന്നങ്ങളും വില്‍പനക്ക് ഉപയോഗിക്കുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയംകുളത്തുള്ള ഇവരുടെ വോള്‍സെയില്‍ സ്‌റ്റേഷനറി സ്ഥാപനത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും വില്‍പനക്ക് സൂക്ഷിച്ച പാന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതോടെ വളയംകുളത്തുള്ള ഇവരുടെ വീട്ടിലും ഗോഡൗണിലും പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ ഏറെ വര്‍ഷങ്ങളായി പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും വന്‍തോതില്‍ പാന്‍മസാല ഉത്പന്നങ്ങള്‍ മൊത്തമായി വിതരണം ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സ്ഥാപനത്തില്‍ മറ്റു സ്റ്റേഷനറി സാധനങ്ങളുടെ കച്ചവടത്തിന്റെ മറവിലാണ് പാന്‍മസാല വില്‍പന നടത്തിയിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.