Connect with us

Malappuram

ചുരുളിറക്കത്തില്‍ മിനി ബസ് മറിഞ്ഞ് മുപ്പത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

എടക്കര: വിദ്യാര്‍ഥികളെ കുത്തി നിറച്ച് വരികയായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്.
എതിരെ വരികയായിരുന്ന ഓട്ടോയും തകര്‍ന്നു. പാലേമാട് – മരുത റോഡില്‍ ചുരുളിറക്കത്തില്‍ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. എടക്കരയിലേക്ക് വരികയായിരുന്ന പള്ളത്ത് പറമ്പ് സ്‌കൂള്‍, പാലേമാട് വിവേകാനന്ദ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ വൈഷ്ണവ് (17), കൈലാസ് (16), ജിതേഷ്ഖാന്‍ (17), നൂര്‍ജനന്‍ (17), സുമന്‍(17), അബിയ (17), വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളായ കോലാര്‍വീട്ടില്‍ വിപിന്‍ (22), അഖിത (18), രോഷ്‌നി (18), മജ്ഞു (22), സുഖിത (22), അശ്വതി (22), ജ്യോതി (21), രമ്യ (21), രഞ്ജിനി (22), രോഷ്ണി(19), ബസ് ഡ്രൈവര്‍ കുന്ത്രയില്‍ ജോബിന്‍ (30), ബസ് ജീവനക്കാരായ രാജേഷ്, വടക്കേചെരുവില്‍ പ്രവീണ്‍ (27), ഓട്ടോ ഡ്രൈവര്‍ കരുനെച്ചി വെളിയംകോടന്‍ നിയാസ് (29) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.
പ്രവീണ്‍, രോഷ്‌നി, ജോബിന്‍, രാജേഷ്, നിയാസ് എന്നിവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ എടക്കര സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. കുത്തനെ ഇറക്കമുള്ള സ്ഥലമാണിവിടം. ഇവിടെ വെച്ച് ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. എടക്കര എസ് ഐ. പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി റോഡിന് കുറുകെ മറിഞ്ഞ ബസ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ബസിന്റെ ടയര്‍ ഉപയോഗ യോഗ്യമല്ലാത്ത രീതിയില്‍ തേയ്മാനം സംഭവിച്ചതായിരുന്നു. ആക്‌സില്‍ വെല്‍ഡ് ചെയ്ത നിലയിലുമായിരുന്നു.

Latest