Connect with us

Kozhikode

'സുകൃതം 2014' വാര്‍ഷികം നടക്കാവ് സ്‌കൂളില്‍

Published

|

Last Updated

കോഴിക്കോട്: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷനല്‍ സര്‍വീസ് സ്‌കീം സംസ്ഥാന വാര്‍ഷിക സമ്മേളനം “സുകൃതം 2014” ഈ മാസം 20, 21 തീയതികളില്‍ നടക്കാവ് ഗവ. വൊക്കേഷനല്‍ ഗേള്‍സ് ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 20 ന് രാവിലെ പരിപാടിയുടെ ഉദ്ഘാടനവും സംസ്ഥാന അവാര്‍ഡ് വിതരണവും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി എന്‍ എസ് എസ് നടപ്പാക്കുന്ന “അഭയം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും എം എസ് എസിന്റെ സഹായത്തോടെ നടക്കാവ് ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സഹപാഠികള്‍ക്കായി തയ്യാറാക്കിയ “ഹൃദയപൂര്‍വം കൂട്ടുക്കാരിക്ക്”വീടിന്റെ താക്കോല്‍ ദാനവും മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വളണ്ടിയര്‍ സെക്രട്ടറിമാര്‍ക്കും അവാര്‍ഡ് നല്‍കും. നടക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ പ്രിസം പ്രൊജക്ടിന് നേതൃത്വം നല്‍കിയ എ പ്രദീപ്കുമാര്‍ എം എല്‍ എ, മുഖ്യപങ്ക് വഹിച്ച ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഫൈസല്‍, ഷബാന ഫൈസല്‍, സാമൂഹിക പ്രവര്‍ത്തകനായ ഡോ. യഹ്‌യാഖാന്‍ എന്നിവരെയും ആദരിക്കും. എന്‍ എസ് എസ് യൂനിറ്റുകള്‍ നടത്തിയ പ്രത്യേക പരിപാടികളെ കുറിച്ചുള്ള പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, സംസ്ഥാന ഗവ. അധ്യാപക അവാര്‍ഡ് നേടിയ വി എച്ച് എസ് ഇ അധ്യാപകരെ ആദരിക്കല്‍, സംസ്ഥാനതലത്തില്‍ എന്‍ എസ് എസ് ഡയറി, ബാഡ്ജ് പ്രകാശനം എന്നിവയും നടക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ എസ് എസ് വളണ്ടിയമാര്‍ ശേഖരിച്ച പണം ചടങ്ങില്‍ കൈമാറും. മൈട്രീ ചലഞ്ച് എന്ന പരിപാടി വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി നടത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എന്‍ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഇ ഫാസില്‍, നടക്കാവ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജെലൂഷ് പങ്കെടുത്തു.

 

---- facebook comment plugin here -----

Latest