എസ് എസ് എഫ് മെമ്പര്‍ഷിപ്പ് ദിനം നാളെ

Posted on: September 18, 2014 12:30 am | Last updated: September 18, 2014 at 12:00 am
SHARE

ssf flagകോഴിക്കോട്: നവചക്രവാളത്തിലേക്ക് ധാര്‍മികച്ചുവട് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് 22 -ാമത് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് ദിനം നാളെ നടക്കും. സംസ്ഥാന വ്യാപകമായി ആറായിരത്തിലധികം യൂനിറ്റ് ഘടകങ്ങള്‍ കേന്ദ്രമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ധാര്‍മികചേരിയില്‍ കണ്ണികളാവും. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന്റെ ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നവാഗതരുള്‍പ്പെടെയുള്ള ലക്ഷക്കണക്കായ എസ് എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിജ്ഞ പുതുക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന ആദര്‍ശങ്ങളുടെ സംരക്ഷണത്തിനും അജയ്യതക്കും വേണ്ടി നിലകൊള്ളുന്ന ഘടകമായാണ് എസ് എസ് എഫ് പ്രവര്‍ത്തിക്കുന്നത്. മെമ്പര്‍ഷിപ്പ് ദിനത്തില്‍ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് വിളംബര പ്രകടനങ്ങള്‍ നടക്കും. യൂനിറ്റ് കേന്ദ്രത്തിലും ഓഫീസുകളിലും ഒത്തുചേരുന്ന പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി സന്ദേശം നല്‍കും. നേരത്തെ തയ്യാറാക്കിയ ചങ്ങാതിപ്പട്ടികയനുസരിച്ച് നവാഗതരായി പതിനായിരങ്ങള്‍ ധര്‍മപ്പടയില്‍ അണിചേരുന്നതോടെ എസ് എസ് എഫ് സംഘശക്തിയില്‍ 25 ശതമാനം വര്‍ധനവുണ്ടാവും. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് രൂപവത്കൃതമാകുന്ന പുതിയ യൂനിറ്റ് ഘടകങ്ങള്‍ക്കും സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങള്‍ക്കും പുനഃക്രമീകരണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. മെമ്പര്‍ഷിപ്പ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷനില്‍ ഡിവിഷന്‍ ഇലക്ഷന്‍ ഓഫീസര്‍ (ഡി ഇ ഒ), അസ്സിസ്റ്റന്റ് ഇലക്ഷന്‍ ഓഫീസര്‍ (എ ഇ ഒ) നേതൃത്വം നല്‍കും. പുതിയ മെമ്പര്‍ഷിപ്പുള്ളവരുടെ അടിസ്ഥാനത്തില്‍ പുനഃസംഘടനാ പ്രവര്‍ത്തനം നടക്കും. 2015 ജനുവരി 25 നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.