ഗോല്‍കോണ്ട കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ബി ജെ പിക്കാരുടെ ശ്രമം തടഞ്ഞു

Posted on: September 18, 2014 6:00 am | Last updated: September 17, 2014 at 11:55 pm
SHARE

BJPഹൈദരാബാദ്: തെലങ്കാന ദിനത്തോടനുബന്ധിച്ച് ഗോല്‍കോണ്ട കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പതാകയുമായി പ്രവര്‍ത്തകര്‍ കോട്ടയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടയുകയായിരുന്നു. ലംഗാര്‍ ഹൂസിലെ ബാപു ഘട്ടില്‍ ഒത്തുകൂടിയ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും കോട്ട ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കുകയായിരുന്നു.
പതാക ഉയര്‍ത്താന്‍ തെലങ്കാന സര്‍ക്കാര്‍ ബി ജെ പിക്ക് അനുമതി നല്‍കിയിരുന്നില്ല. ബാരിക്കേഡുകള്‍ നിരത്തിയാണ് ബി ജെ പിക്കാരുടെ പ്രവേശനം തടഞ്ഞത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പതാക ഉയര്‍ത്തിയ കോട്ടയില്‍ പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന ബിജെ പി പ്രസിഡന്റ് ജി കിഷന്‍ റെഡ്ഢി പ്രഖ്യാപിക്കുകയായിരുന്നു. എം ഐ എം (മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) നേതാക്കള്‍ പിണങ്ങുമോയെന്ന് ഭയന്നാണ് തെലങ്കാന ദിനം ഔദ്യോഗികമായി ആഘോഷിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതെന്ന് കിഷന്‍ റെഡ്ഢി ആരോപിച്ചു.
1948 സെപ്തംബര്‍ 17നാണ് നൈസാം ഭരണത്തില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഹൈദരാബാദ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുകയായിരുന്നു. പ്രത്യേക തെലങ്കാന രൂപവത്കരിച്ചതിന് ശേഷമുള്ള ആദ്യ തെലങ്കാന ദിനമായിരുന്നു ഇന്നലെ. ഔദ്യോഗികമായി ആഘോഷിക്കണമെന്ന ബി ജെ പിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ആവശ്യം ടി ആര്‍ എസ് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അങ്ങനെയൊരു ആഘോഷം ഇതുവരെയുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളില്‍ ആന്ധ്രയിലെ പാര്‍ട്ടികള്‍ സ്വന്തം നിലക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. സെപ്തംബര്‍ 17 വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ദിവസമാക്കുകയാണെന്നും ഇതിലൂടെ ഡെക്കാന്‍ ചരിത്രം അട്ടിമറിക്കാനാണ് ചിലരുടെ ശ്രമമെന്നും എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.