Connect with us

National

തിരഞ്ഞെടുപ്പ് തിരിച്ചടി: 'ലവ് ജിഹാദ്' ബി ജെ പി ഉപേക്ഷിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് “ലവ് ജിഹാദ്” പ്രചാരണത്തില്‍ നിന്ന് ബി ജെ പി വിട്ടുനില്‍ക്കുന്നു. “ലവ് ജിഹാദ്” വിഷയം ചില പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെന്ന നിലക്ക് ബി ജെ പി അത് അംഗീകരിച്ചിട്ടില്ലെന്ന് വക്താവ് സംബിത പാത്ര അവകാശപ്പെട്ടു. യോഗി ആദിത്യനാഥ് എം പിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തിലൂടെ വികസന കര്‍മപരിപാടികളില്‍ നിന്ന് ബി ജെ പി വ്യതിചലിക്കുകയാണെന്ന ബോധം ജനങ്ങള്‍ക്കുണ്ടായെന്നാണോ ഉപതിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചനയെന്ന ചോദ്യത്തിന് മറുപടി നല്‍കുയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം വൃന്ദാവനില്‍ നടന്ന സംസ്ഥാന സമിതിയുടെ യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ “ലവ് ജിഹാദ്” ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ധ്രുവീകരണം തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുന്നുവെന്ന എതിരാളികളുടെ ആരോപണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അവസാനിച്ചതാണ്. ബി ജെ പി മതേതരത്വ പാര്‍ട്ടിയല്ല എന്ന എതിരാളികളുടെ വാദം ജനങ്ങള്‍ നിരാകരിച്ചുവെന്നും സംബിത പാത്ര അവകാശപ്പെട്ടു.
ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡക്കെതിരെ നാടകീയമായ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വര്‍ഗീയ രാഷ്ട്രീയത്തിലുള്ള യോഗി ആദിത്യനാഥിന്റെ പരാജയമാണ് ഇത്. ആര്‍ എസ് എസിന്റെ പിന്തുണയോടെ സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ഹീനമായ കെട്ടിച്ചമച്ച തന്ത്രമായിരുന്നു “ലവ് ജിഹാദ്”. യു പിയില്‍ എട്ട് സിറ്റിംഗ് എം എല്‍ എമാര്‍ പരാജയപ്പെട്ടതിലൂടെ ഹിന്ദുത്വ അജന്‍ഡയില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന സന്ദേശമാണ് അത് നല്‍കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞു.