Connect with us

Kerala

പുതിയ ബി പി എല്‍ പട്ടികയും റേഷന്‍കാര്‍ഡും മാര്‍ച്ചില്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് എല്ലാവര്‍ക്കും അടുത്ത മാര്‍ച്ചോടെ പുതിയ റേഷന്‍കാര്‍ഡ്. ഇതോടെ പുതിയ ബി പി എല്‍ പട്ടിക നിലവില്‍ വരും. അടുത്തമാസം പത്തോടെ നിലവിലുള്ള റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവ പ്രിന്റ് ചെയ്ത് 20ന് മുമ്പ് റേഷന്‍കടകളിലെത്തിക്കുകയും ചെയ്യും. 25 മുതല്‍ നവംബര്‍ അഞ്ച് വരെ പുതിയ കാര്‍ഡിനുള്ള അപേക്ഷാ ഫോമുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും.
നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ 12 വരെ വിവിധ സെന്റുറുകളിലായി കുടുംബത്തിലെ മുതിര്‍ന്ന വനിതകളുടെ ഫോട്ടോയെടുക്കല്‍ നടക്കും. വനിതകള്‍ ഇല്ലാത്ത കാര്‍ഡില്‍ കുടുംബ നാഥന്റെ ഫോട്ടോയായിരിക്കും എടുക്കുക. പൂരിപ്പിച്ച ഫോറത്തിലെ വിവരങ്ങള്‍ ഡിസംബര്‍ 11 മുതല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. അടുത്ത ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് എ പി എല്ലും ബി പി എല്ലും തരംതിരിക്കല്‍. ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ യായിരിക്കും സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധന. റേഷന്‍ ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എന്നിവരാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലുള്ളത്. സ്‌ക്രീംഗ് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് ഫെബ്രുവരി 21നും മാര്‍ച്ച് അഞ്ചിനുമിടയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി നല്‍കും. അടുത്തവര്‍ഷം മാര്‍ച്ച് മൂന്നിനും ഏപ്രില്‍ നാലിനുമിടയില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും
നിലവില്‍ 1997 ലെ ബി പി എല്‍ കാര്‍ഡില്‍ മാറ്റമില്ലാതെ തുടരുകയാണ്. പുതിയ റേഷന്‍ കാര്‍ഡ് വരുന്നതോടെ ബി പി എല്‍ പട്ടിക മാറും. 2009ല്‍ ജനറല്‍ സര്‍വേ നടത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയിരുന്നെങ്കിലും അവര്‍ക്ക് ഇത് വരെ ബി പി എല്‍ കാര്‍ഡ് നല്‍കിയിട്ടില്ല. വിധവകള്‍, വികലാംഗര്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസിന് വിധേയരായ രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നിവര്‍ക്ക് കലക്ടര്‍ക്ക് അപേക്ഷ നല്‍കി ബി പി എല്‍ കാര്‍ഡാക്കാനുള്ള അവസരം നല്‍കിയിരുന്നു. ഇതില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കര്‍ വസ്തു എന്നിവയുള്ളവര്‍ക്ക് അപേക്ഷ നല്‍കാന്‍ പാടില്ല. 2009ലെ ലിസ്റ്റിലുള്ളവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കര്‍ വസ്തു എന്നിവയുള്ളവര്‍ എ പി എല്ലിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്‌വരെ പൂര്‍ണമായും മാറിയിട്ടില്ല. പുതിയ റേഷന്‍ കാര്‍ഡിന്റെ പ്രവര്‍ത്തനം കാരണം റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം(ആര്‍ സി എം എസ്) ബ്ലോക്ക് ചെയ്തതിനാല്‍ ഒരു മാസത്തോളമായി റേഷന്‍കാര്‍ഡ് പുതുക്കലും തിരുത്തലും നിര്‍ത്തിവെച്ചിരിക്കുകയാണ്.