Connect with us

International

ഇറാഖില്‍ അമേരിക്ക കരയാക്രമണത്തിന് ഒരുങ്ങുന്നു

Published

|

Last Updated

iraqueബഗ്ദാദ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയ അമേരിക്ക ഇറാഖ് സൈന്യത്തോടൊപ്പം ചേര്‍ന്ന് കരയാക്രമണത്തിനും തയ്യാറെടുക്കുന്നു. അമേരിക്കന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്‌സി വ്യക്തമാക്കിയതാണ് ഇക്കാര്യം. അമേരിക്കന്‍ സൈന്യത്തിന് കൂടുതല്‍ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുണ്ട്. ഇറാഖ് സൈന്യത്തോടൊപ്പം ചേര്‍ന്ന് മൂസ്വിലിനെ ഇസില്‍ തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് താന്‍ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഈ മുന്നേറ്റത്തില്‍ ഭാഗമാകാന്‍ കഴിയുന്നത് വളരെ നല്ലതായിരിക്കും. 2003ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ മാതൃകയില്‍ വ്യാപകമായ ബോംബാക്രമണങ്ങള്‍ ആയിരിക്കില്ല ഇപ്പോഴത്തെ രീതി. എന്നാല്‍ ഇറാഖ് സൈന്യത്തോടൊപ്പം ചേര്‍ന്ന് നേരിട്ട് കരയുദ്ധത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു ഒബാമയുടെ ഇതുവരെയുള്ള നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലും ഇസില്‍വിരുദ്ധ ആക്രമണങ്ങള്‍ക്ക് അമേരിക്ക പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇസിലിന്റെ പ്രധാന കേന്ദ്രങ്ങള്‍, കമാന്‍ഡ് കേന്ദ്രങ്ങള്‍, തന്ത്രപ്രധാന ശൃംഖലകള്‍ എന്നിവയും ആക്രമണത്തിന്റെ പരിധിയില്‍ വരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗല്‍ വ്യക്തമാക്കി.
അതിനിടെ അമേരിക്കക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ ആവശ്യപ്പെട്ട് അല്‍ഖാഇദ ഗ്രൂപ്പ് രംഗത്തെത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരുമിച്ച് കൂട്ടപ്പെട്ട സഖ്യങ്ങളുടെ സഹായത്തോടെ ഇസിലിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് അല്‍ ഖാഇദ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം തെക്കന്‍ ബഗ്ദാദിലും മറ്റു ചില പ്രദേശങ്ങളിലും അമേരിക്ക വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇസിലിനെതിരെയുള്ള മുന്നേറ്റത്തിന് ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ 162 കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ചാര സംഘടന സി ഐ എ നല്‍കുന്ന വിവരമനുസരിച്ച്, 30,000 ലധികം പേര്‍ ഇസില്‍ സംഘത്തിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നുള്ളവരാണ്. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇസിലിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നേരത്തെ ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. അറബ് രാജ്യങ്ങളും ഈ പോരാട്ടത്തില്‍ സഹകരിക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

Latest