Connect with us

Kasargod

എം ജി റോഡ് പ്രവൃത്തി പുരോഗതിയില്‍

Published

|

Last Updated

കാസര്‍കോട്: ഏറെ ദുരിത യാത്ര സമ്മാനിക്കുന്ന നഗരത്തിലെ എം ജി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്തുന്തോറും കുഴികള്‍ രൂപപ്പെട്ട് വാഹന ഗതാഗതം സാഹസമായി മാറുന്ന ഈ റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ജനങ്ങളുടേയും ഡ്രൈവര്‍മാരുടേയും നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പൊതുമരാമത്ത് അധികൃതര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തയ്യാറായത്.

പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിക്കു സമീപം ദേശീയപാതവരെ 215 മീറ്റര്‍ നീളത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഈ ഭാഗത്ത് റോഡ് സ്ഥിരമായി തകരുന്നതിനാലാണ് പൊതുമരാമത്ത് അധികൃതര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
55 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തിയാണ് നടത്തുന്നത്. രണ്ടുവരി പാതയിലെ ഒരു വരിയാണ് ആദ്യം കോണ്‍ക്രീറ്റ് ചെയ്യുന്നത്. കോണ്‍ക്രീറ്റിന് മുന്നോടിയായി റോഡിലെ കുഴി നിരപ്പാക്കുന്നതിന്റെ ജോലി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഒരടിയോളം കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് 10 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്. അതിനാല്‍ വാഹനങ്ങലെ ഒരു വശത്തുകൂടി കടത്തി വിടുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം അവതാളത്തിലായിരിക്കുകയാണ്.

പ്രതിവര്‍ഷവും എം ജി റോഡ് പല ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും ഇത് അധികം താമസിയാതെ തന്നെ തകര്‍ന്ന് തരിപ്പണമാകുന്ന സ്ഥിതിയാണുള്ളത്. ഇതുമൂലം ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങളാണ് ഏറെയും ദുരിതം അനുഭവിക്കുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റോഡുകള്‍ തകരുന്നത് പതിവായതോടെ പഴികേള്‍ക്കേണ്ടിവരുന്നത് കരാറുകാരനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. ഇതേ തുടര്‍ന്നാണ് എം ജി റോഡ് ടാറിംഗിനു പകരം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അധികൃതര്‍ തീരുമാനിച്ചത്.

Latest