തൃക്കരിപ്പൂര്‍ സിന്തറ്റിക് മൈതാനം: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

Posted on: September 18, 2014 6:00 am | Last updated: September 17, 2014 at 9:41 pm
SHARE

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടക്കാവ് വലിയകൊവ്വലിലെ സിന്തറ്റിക് മൈതാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഡല്‍ഹി ആസ്ഥാനമായുള്ള ശിവനരേഷ് എന്ന സ്ഥാപനമാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണപ്രവൃത്തി അടുത്തമാസം തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്. ഇതിന്റെ വര്‍ക്ക് ഓര്‍ഡര്‍ അടുത്ത ദിവസം തന്നെ കൈമാറുമെന്ന് ചീഫ് എന്‍ജിനീയര്‍ മോഹന്‍ കുമാറില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍ അറിയിച്ചു. ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ ഏറെ വിദഗ്ദരാണ് പ്രസ്തുത കമ്പനിയെന്നാണറിയുന്നത്.
നേരത്തെ ഇത്തരം നിര്‍മാണത്തില്‍ വിദഗ്ധരായ കമ്പനികളുടെ അഭാവത്തില്‍ മാറ്റിവെച്ച ടെന്‍ഡര്‍ നടപടികളാണ് പുനര്‍നിര്‍ണയം നടത്തി തീരുമാനിച്ചത്. മൈതാനത്തിന്റെ വടക്കുഭാഗത്ത് കൂടി കടന്നുപോകുന്ന വൈദ്യുതിലൈന്‍ പഞ്ചായത്ത് വക മാറ്റി സ്ഥാപിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ആദ്യത്തെ സിന്തറ്റിക് മൈതാനമാണിത്.
നാലരക്കോടി രൂപയാണ് പദ്ധതിക്കുള്ള എസ്റ്റിമേറ്റ്. അന്തര്‍ദേശീയ അളവിലുള്ള മൈതാനമായിരിക്കും നിര്‍മിക്കുക. അടിയില്‍ കോണ്‍്ക്രീറ്റ് ചെയ്തു ഉറപ്പിച്ചശേഷം മുകളില്‍ കൃത്രിമ പുല്‍ത്തകിട് വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. പുറമേ കമ്പിവേലി കെട്ടി സംരക്ഷിക്കുകയും ചെയ്യും. നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍ദിഷ്ട മൈതാനം മണ്ണിട്ട് ലെവല്‍ ചെയ്ത ശേഷം അതിരുകെട്ടി തിരിച്ചിരുന്നു. കൂടാതെ പരിസരത്ത് തന്നെ ഒരു കുഴല്‍ കിണറും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ വിദേശ-സ്വദേശ പ്രൊഫഷണല്‍ ക്ലബ്ബുകളുടെ കളികാണാന്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൃക്കരിപ്പൂരും പരിസരങ്ങളിലുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.