Connect with us

Kasargod

ദേശീയപാത തകര്‍ന്നു; അപകടം പതിവാകുന്നു

Published

|

Last Updated

കാസര്‍കോട്: ദേശീയപാത പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതോടെ അപകടങ്ങളും പതിവായി. കാസര്‍കോട് മുതല്‍ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെയുള്ള പാതയില്‍ വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സാഹസപ്പെട്ടുള്ള യാത്ര ജനങ്ങള്‍ ദുരിത സമാനമാകുകയാണ്.
റോഡ് തകര്‍ന്നതിനാല്‍ ചെറുവാഹനങ്ങളാണ് ഏറെയും ഗതാഗതത്തിന് വിഷമിക്കുന്നതും അപകടത്തില്‍പ്പെടുന്നതും. വാഹനങ്ങള്‍ക്ക് മറികടക്കുന്നതിനോ, സുരക്ഷിത യാത്രയ്‌ക്കോ കഴിയാത്ത റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ആംബുലന്‍സ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം പാലത്തിന് സമീപം റോഡരികിലേക്ക് മറിഞ്ഞിരുന്നു. രാത്രി പതിനൊന്നരമണിയോടെ ആംബുലന്‍സ് മംഗലാപുരത്തെ ആശുപത്രിയില്‍ രോഗിയെ എത്തിച്ച് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ പ്രശാന്തി(35)ന് നിസാര പരുക്കേറ്റു. കാസര്‍കോട് ഗവ. ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
കാസര്‍കോട്-മംഗലാപുരം ദേശീയപാതയിലെ കുഴികളില്‍ വാഹനങ്ങളുടെ ടയറുകള്‍ പതിക്കുന്നതുമൂലം അപകടം നിത്യസംഭവമായിട്ടും കുഴിയടക്കുന്നതുള്‍പ്പടെയുള്ള അറ്റകുറ്റ പണികള്‍ നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ദേശീയപാതയിലെ കുഴികളില്‍പ്പെട്ട് കൂടുതലും അപകടത്തില്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ള ചെറുവാഹനങ്ങളാണ്. കുഴികള്‍ താണ്ടി യാത്ര ചെയ്യുന്ന ബസുകളാവട്ടെ സമയക്രമം പാലിക്കുന്നതിനായി കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല, സമയം പാലിക്കുന്നതിനായി യാത്രക്കിടയില്‍ മത്സരിച്ചോടേണ്ടി വരുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്.
ഒരു മണിക്കൂറോളം യാത്ര ചെയ്ത് മംഗലാപുരത്തെത്തിയിരുന്നിടത്ത് ഇപ്പോള്‍ രണ്ടര മണിക്കൂറെങ്കിലും വേണ്ടിവരുന്നതായി യാത്രക്കാര്‍ പറയുന്നു.
അത്യാസന്ന നിലയിലായ രോഗികളെ മംഗലാപുരത്തെത്തിക്കുന്നതിനായി നിത്യവും നിരവധി ആംബുലന്‍സുകള്‍ക്ക് ഓടുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ദീര്‍ഘനേരം എടുത്തുള്ള യാത്രയും രോഗികളുടെ ജീവന്‍ അപകടത്തിലാവുമെന്ന ഭീതിയും ഡ്രൈവര്‍മാരെ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമകളാക്കുന്നു.

Latest