എബോളയെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുമെന്ന് ഒബാമ

Posted on: September 17, 2014 11:39 pm | Last updated: September 17, 2014 at 11:39 pm
SHARE

OBAMAവാഷിംഗ്ടണ്‍ : എബോള രോഗത്തെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം ഏറ്റെടുക്കാന്‍ അമേരിക്ക സജ്ജമായതായി പ്രസിഡന്റ് ബരാക് ഒബാമ. പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച രോഗം അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുകയാണെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി. രോഗത്തിനെതിരെ പൊരുതാന്‍ ആഗോളതലത്തില്‍ ശ്രമം വേണമെന്നാവശ്യപ്പെട്ട ഒബാമ രോഗബാധിത മേഖലകളില്‍ 3,000 സൈനികരെ നിയോഗിക്കുന്നതിനായി 50 കോടി ഡോളറിന്റെ പുതിയ അമേരിക്കന്‍ സഹായം പ്രഖ്യാപിച്ചു.

പശ്ചിമാഫ്രിക്കയില്‍ കൂടുതല്‍ സൈന്യത്തെ അമേരിക്ക നിയോഗിക്കുന്നതോടെ പുതിയ രോഗചികിത്സയിലും ഐസൊലേന്‍ സംവിധാനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിലും ചരക്ക് കടത്ത്, ആശയവിനിമയം എന്നിവ ഊര്‍ജിതമാക്കുന്നതിലും അമേരിക്ക സുപ്രധാന പങ്ക് വഹിക്കും. പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്നുപിടിക്കുന്നതില്‍ ഏറെ ആശങ്കയുണ്ടെന്ന് ഉന്നത അമേരിക്കന്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഒബാമ പറഞ്ഞു. രോഗം തടയാന്‍ കൂടുതലൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശം നേരിടുന്ന ഒബാമ, രോഗത്തെ ദേശീയ സുരക്ഷാ പ്രതിസന്ധിയെന്ന് വിശേഷിപ്പിച്ചു. എബോള രോഗം ഇതുവരെ 2,400 പേരുടെ ജീവനെടുത്തിട്ടുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ലൈബീരിയന്‍ തലസ്ഥാനമായ മോണ്‍റോവിയയില്‍ സൈനിക കേന്ദ്രം തുറക്കുമെന്ന് പറഞ്ഞ യു എസ് ഉദ്യോഗസ്ഥര്‍ ഇവിടെയുള്ള പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര പങ്കാളികളേയും ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. ഗിനിയ, ലൈബീരിയ, സിയാറ ലിയോണ്‍ എന്നീ രാജ്യങ്ങളിലാണ് എബോള രേഗം ഏറെ ദുരന്തം വിതച്ചിരിക്കുന്നത്.