യമനില്‍ ഏറ്റുമുട്ടല്‍: 20 പേര്‍ കൊല്ലപ്പെട്ടു

Posted on: September 17, 2014 11:37 pm | Last updated: September 17, 2014 at 11:37 pm
SHARE

yemenസന്‍ആ: യമനില്‍ ശിയാ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തലസ്ഥാനമായ സന്‍ആയുടെ പ്രാന്തപ്രദേശത്ത് 20 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ നിയന്ത്രണത്തിന് വേണ്ടിയാണ് സുന്നി ആധിപത്യമുള്ള സര്‍ക്കാറുമായി ശിയാ വിഭാഗം ഏറ്റുമുട്ടുന്നത്. സൈന്യവുമായി ഇന്നലെ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ വാദി ദഹ്ര്‍ എന്ന പ്രദേശത്തിന്റെ നിയന്ത്രണം ശിയാ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. അല്‍ഖാഇദ തീവ്രവാദികളും വിമത പോരാട്ടങ്ങളും ശിയാ മുന്നേറ്റങ്ങളും രാജ്യത്തിന്റെ സമാധാനാന്തരീക്ഷം പാടെ തകര്‍ത്തിരിക്കുകയാണ്. വടക്കന്‍ പ്രവിശ്യയില്‍ അല്‍ ജൗഫ് മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ വിഭാഗത്തില്‍പ്പെട്ട ഹൂതി അനുകൂലികളാണ് ആഴ്ചകളായി ഇവിടെ ആക്രമണമഴിച്ചു വിടുന്നത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 12 ഹൂത്തി അംഗങ്ങളും സുന്നി ഇസ്‌ലാഹ് അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗോത്ര വിഭാഗം അധികൃതര്‍ പറഞ്ഞു. എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈന്യത്തിന്റെ രണ്ട് കവചിത വാഹനങ്ങളും വിമതര്‍ തകര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ എണ്ണ സബ്‌സിഡി ഒഴിവാക്കിയതാണ് ഹൂത്തിയില്‍ സര്‍ക്കാര്‍വിരുദ്ധ പക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയത്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന എണ്ണ സബ്‌സിഡി ഒഴിവാക്കിയത് വീണ്ടും പുനഃസ്ഥാപിക്കണമെന്നും ഹൂത്തി പ്രക്ഷോഭക്കാര്‍ ആവശ്യപ്പെടുന്നു.