ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനി ഒന്നാമത്; മലയാളികളില്‍ യൂസഫലി

Posted on: September 17, 2014 9:19 pm | Last updated: September 18, 2014 at 1:13 am
SHARE

ma yusufali

അബൂദബി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ വ്യവസായി മുകേഷ് അംബാനിയാണെന്ന് ചൈന ആസ്ഥാനമായ ഹുറൂണ്‍ മാസികയുടെ വെളിപ്പെടുത്തല്‍. 37% വളര്‍ച്ചയോടെ 1,65,000 കോടി രൂപയാണ് അംബാനിയുടെ ആസ്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചെയര്‍മാന്‍ ദിലീപ് ഷാങ്‌വിയാണ് 1,29,000 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ധനികരില്‍ രണ്ടാം സ്ഥാനത്ത്. ലക്ഷ്മി മിത്തല്‍ (97,000 കോടി രൂപ), അസിം പ്രേംജി (86,000 കോടി രൂപ), ശിവ് നാടാര്‍ (78,000 കോടി രൂപ), എസ് പി ഹിന്ദുജ (72,000 കോടി രൂപ), സുനില്‍ മിത്തല്‍ (51,000 കോടി രൂപ) എന്നിവരാണ് സമ്പന്നരില്‍ മുന്നില്‍ നില്‍ക്കുന്ന പ്രമുഖര്‍. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി 43,000 കോടി രൂപയോടെ പതിനൊന്നാം സ്ഥാനത്താണ്.
ലുലു ഗ്രൂപ്പ് എം ഡിയും ഗള്‍ഫിലെ പ്രമുഖ വ്യവസായിയുമായ എം എ യുസുഫലിയാണ് സമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ മുന്നില്‍ നില്‍ക്കുന്നത്. 11,500 കോടി രൂപയാണ് ആസ്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 110 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് അടുത്ത വര്‍ഷത്തോടെ മലേഷ്യയിലും ഇന്തോനേഷ്യയിലും സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള കമ്പനികളിലൊന്നാണ് ലുലു. രവി പിള്ള, (9600 കോടി രൂപ), സണ്ണി വര്‍ക്കി (9000 കോടി രൂപ), ക്രിസ് ഗോപാലകൃഷ്ണന്‍ (8800 കോടി രൂപ), ടി എസ് കല്യാണരാമന്‍ (7,100 കോടി രൂപ), ജോയ് ആലുക്കാസ് (6,300 കോടി രൂപ), എം ജി ജോര്‍ജ് മുത്തൂറ്റ് (6,100 കോടി രൂപ), ഷിബുലാല്‍ (5,600 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ മലയാളികള്‍.