400 ലോകോത്തര യൂനിവേഴ്‌സിറ്റികളുടെ പട്ടികയില്‍ എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയും

Posted on: September 17, 2014 6:56 pm | Last updated: September 17, 2014 at 6:56 pm
SHARE

uae universityഅല്‍ ഐന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ നിലവാരമുള്ള 400 യൂനിവേഴ്‌സിറ്റികളുടെ പട്ടികയില്‍ യു എ ഇയിലെ എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയും ഇടം പിടിച്ചു. ലോകതലത്തില്‍ യൂനിവേഴ്‌സിറ്റികളെ തരം തിരിക്കുന്ന അന്താരാഷ്ട്ര അതോറിറ്റിയായ ക്യൂ എസ് പുറത്തിറക്കിയ ലോകത്തിലെ 400 പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെ കൂട്ടത്തിലാണ് അല്‍ ഐനിലെ എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റി ഇടം കണ്ടെത്തിയത്. ക്യൂ എസിന്റെ 2014 വര്‍ഷത്തെ ഏറ്റവും പുതിയ പട്ടികയിലാണിത്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് 1976ല്‍ അല്‍ ഐന്‍ നഗരത്തില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. വിവിധ ഫാക്കല്‍റ്റികളിലായി എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിലവില്‍ 14,000 വിദ്യാര്‍ഥികളുണ്ട്.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു പുറമെ വിദേശികളും ഇവിടെ വിദ്യാര്‍ഥികളായുണ്ട്.
യൂനിവേഴ്‌സിറ്റിയിലെ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം, സ്ഥാപനത്തിന്റെ പ്രശസ്തി, തൊഴില്‍ ദാതാക്കള്‍ യൂനിവേഴ്‌സിറ്റിക്കു നല്‍കുന്ന പരിഗണന തുടങ്ങിയ മാനദണ്ഡങ്ങള്‍ നോക്കിയാണ് ക്യൂ എസ് യൂനിവേഴ്‌സിറ്റികളെ തരം തിരിക്കുന്നത്. ഉന്നത പഠനത്തിനും ഉയര്‍ന്ന ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവയും തരം തിരിക്കലിന് ക്യൂ എസ് പരിഗണിക്കുന്നുണ്ട്. ലോകത്ത് മൊത്തമുള്ള 3,000 യൂനിവേഴ്‌സിറ്റികളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്. അക്കാഡമിക് വിദഗ്ധരായ 50,000 പ്രമുഖരുടെ അഭിപ്രായം തേടിയ ശേഷമാണ് ഗുണനിലവാരമുള്ള 400 യൂനിവേഴ്‌സിറ്റികളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ ഭരണ കര്‍ത്താക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന നിര്‍ലോഭമായ പിന്തുണയും സഹായങ്ങളുമാണ് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിക്ക് ഈ ബഹുമതി ലഭിക്കാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.