Connect with us

Gulf

യു എ ഇ രണ്ട് ആണവ റിയാക്ടറുകള്‍ കൂടി നിര്‍മിക്കും

Published

|

Last Updated

uae-60652അബുദാബി: രണ്ട് ആണവ റിയാക്ടറുകള്‍ കൂടി നിര്‍മിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (എഫ് എ എന്‍ ആര്‍) എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷ (ഇനക്)നെ ചുമതലപ്പെടുത്തി. അബുദാബി എമിറേറ്റിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെട്ട യു എ ഇയുടെ ന്യൂക്ലിയര്‍ പ്ലാന്റായ ബറകിന്റെ കമ്പൗണ്ടിനുള്ളിലാവും നിലവിലെ റിയാക്ടറുകള്‍ക്ക് സമീപം പുതിയവയും സ്ഥാപിക്കുക.

നിലവില്‍ രണ്ട് ആണവോര്‍ജ ഉത്പാദന റിയാക്ടറുകളുടെ ജോലികളാണ് ബറകില്‍ നടക്കുന്നത്. മൂന്നും നാലും നിര്‍മിക്കാനാണ് ഇനകിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന എഫ് എ എന്‍ ആര്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.
എ പി ആര്‍ 1,400 കൊറിയന്‍ രൂപകല്‍പനയിലുള്ള റിയാക്ടറുകളാവും നിര്‍മിക്കുക. വെള്ളത്തിന്റെ മര്‍ദം വര്‍ധിപ്പിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍പ്പെട്ടതാണ് കൊറിയന്‍ രൂപകല്‍പനയിലുള്ള റിയാക്ടറുകള്‍. ബറക് സൈറ്റിലെ ഒന്നും രണ്ടും യൂണിറ്റുകളിലാവും നിലവിലെ ഓരോ റിയാക്ടറുകള്‍ക്കൊപ്പം പുതിയവയും സ്ഥാപിക്കുക. ഇതിനുള്ള നിര്‍മാണ ലൈസന്‍സ് ഇനോകിന് എഫ് എ എന്‍ ആര്‍ നല്‍കിക്കഴിഞ്ഞു. ബറക് സൈറ്റില്‍ ആദ്യമായി ജൂലൈ 2012ലായിരുന്നു റിയാക്ടറുകള്‍ നിര്‍മിക്കാന്‍ എഫ് എ എന്‍ ആര്‍ ലൈസന്‍സ് നല്‍കിയത്.
ഇപ്പോള്‍ ഇനോകിന് നിര്‍മാണത്തിനുള്ള ലൈസന്‍സ് മാത്രമാണ് എഫ് എ എന്‍ ആര്‍ നല്‍കിയിരിക്കുന്നത്. റിയാക്ടര്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറക്ക് പ്രവര്‍ത്തിപ്പിക്കാനായി ഓപ്പറേഷന്‍സ് ലൈസന്‍സ് കൂടി ഇനോക് സ്വന്തമാക്കണം. ബറകിലെ നിലവിലെ ഒന്നും രണ്ടും യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടുത്ത വര്‍ഷം ഓപ്പറേഷന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുമെന്നാണ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ (ഇനക്) കണക്കുകൂട്ടുന്നത്.
യു എ ഇയുടെ ഊര്‍ജാവശ്യത്തിനുള്ള ആണവ പദ്ധതിയുടെ പുരോഗതിയാണ് അടുത്ത വര്‍ഷം ഓപ്പറേഷന്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നതെന്ന് എഫ് എ എന്‍ ആര്‍ ബോര്‍ഡ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മസ്‌റൂഇ അഭിപ്രായപ്പെട്ടു.
മൂന്നും നാലും യൂണിറ്റ് ആണവ റിയാക്ടറുകള്‍ക്കായി ലൈസന്‍സ് നല്‍കിയെങ്കിലും 18 മാസം നീളുന്ന തീവ്രമായ പരിശോധനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തും. എഫ് എ എന്‍ ആറിന്റേത് ഉള്‍പ്പെടെയുള്ള 200 ഓളം വിദഗ്ധര്‍ ഈ പരിശോധനയില്‍ പങ്കാളികളാവും. റിയാക്ടറുമായി ബന്ധപ്പെട്ട സുരക്ഷിതത്വം ഉള്‍പ്പെടെയുള്ളവയാണ് വിദഗ്ധര്‍ പരിശോധനക്ക് വിധേയമാക്കുക. ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റും എത്രത്തോളം അണു പ്രസരണം ഉണ്ടെന്നതും പഠന വിധേയമാക്കും.
പദ്ധതിയുടെ രൂപകല്‍പന, സുരക്ഷാമാനദണ്ഡങ്ങള്‍ എത്രത്തോളം ഫലപ്രദമാണ്, നിര്‍മാണത്തിന്റെ ഗുണനിലവാരം എന്നിവയും വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പാക്കും.
2011 മാര്‍ച്ചില്‍ ജപ്പാനിലെ ഫുകുഷിമ ഡയാച്ചി പവര്‍ സ്റ്റേഷനിലുണ്ടായ ആണവ റിയാക്ടര്‍ സ്‌ഫോടനത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് യു എ ഇ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും അല്‍ മസ്‌റൂഇ വെളിപ്പെടുത്തി.