Connect with us

Gulf

അല്‍ അസായല്‍ റോഡ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ഊദ് മേത്ത മേഖലയെ ബിസിനസ് ബേ ജില്ലയുമായി ബന്ധിപ്പിക്കുന്ന അല്‍ അസായല്‍ റോഡിന്റെ ഉദ്ഘാടനം ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ നിര്‍വഹിച്ചു. 30 കോടി ദിര്‍ഹം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സബീല്‍ മേഖലയിലും ബിസിനസ് ബേ ജില്ലയിലും നിരവധി പാലങ്ങളും തുരങ്കങ്ങളും ആര്‍ ടി എ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അല്‍ അസായല്‍ റോഡ് തുറന്നതോടെ ദുബൈ മാളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താന്‍ സാധിക്കുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ നീളത്തിലാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ടു തുരങ്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ഇവയില്‍ മൂന്നു വരി പാതയാണ് ഇരു ദിശയിലേക്കും സജ്ജമാക്കിയതെന്നും അല്‍ തായര്‍ പറഞ്ഞു.
ആദ്യ തുരങ്കം സബീല്‍ രണ്ട് റോഡിലേക്ക് എത്താന്‍ സാധിക്കുന്ന രീതിയിലാണ്. ഇതിന്റെ നീളം 850 മീറ്ററാണ്.
രണ്ടാമത്തെ തുരങ്കം ട്രേഡ് സെന്ററിലേക്ക് എത്താന്‍ കൂടി സൗകര്യത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് 600 മീറ്ററാണ് നീളം. പദ്ധതിയുടെ ഭാഗമായി പണിത രണ്ട് പാലങ്ങളിലും രണ്ട് വരി പാതകള്‍ വീതമാണ് ഇരുഭാഗത്തേക്കും നിര്‍മിച്ചിരിക്കുന്നത്. 700 മീറ്റര്‍ നീളത്തിലുള്ള ഈ പാലത്തിന്റെ ഒരറ്റം ബിസിനസ് ബേയിലേക്കും എത്തും. ദുബൈ മാള്‍, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലേക്ക് സുഖമമായി കടക്കാന്‍ കൂടി സൗകര്യത്തിലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കന്നത്. ഇമാര്‍ ബോളി വാര്‍ഡിലൂടെയാണ് റോഡ് ദുബൈ മാളിന്റെയും ബുര്‍ജ് ഖലീഫയുടെയും സമീപത്തേക്ക് എത്തുക.
അടുത്ത കാലത്തായി ആര്‍ ടി എ ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്ന വമ്പന്‍ പദ്ധതികളില്‍ ഒന്നാണ് ഇത്. പുതിയ റോഡ് അല്‍ ഖൈല്‍ റോഡിനെയും ഈ ഭാഗത്തെ ഉള്‍നാടന്‍ റോഡുകളെയും ബിസിനസ് ബേയുമായി ബന്ധിപ്പിക്കാനും ഉപകരിക്കുമെന്നും ആര്‍ ടി എ ചെയര്‍മാന്‍ പറഞ്ഞു.