Connect with us

Gulf

അബുദാബി ക്രൂയിസ് ടെര്‍മിനല്‍ നാഴികക്കല്ലാവുമെന്ന് എ ഡി പി സി

Published

|

Last Updated

Image 3 - New Cruise Terminal Zayed Port - Lowഅബുദാബി: നിര്‍ദിഷ്ട അബുദാബി ക്രൂയിസ് ടെര്‍മിനല്‍ ഗള്‍ഫ് ക്രൂയിസ് ടുറിസത്തിലെ നാഴികക്കല്ലായി മാറുമെന്ന് അബുദാബി പോര്‍ട്‌സ് കമ്പനി(എ ഡി പി സി) അധികൃതര്‍. എ ഡി പി സി അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി (ടി സി എ അബുദാബി)യുമായി ചേര്‍ന്ന് നിര്‍മിക്കുന്ന പദ്ധതിയുടെ രൂപകല്‍പന പുറത്തുവിടുന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന സീ ട്രെയിഡ് മെഡ് 2014 എന്ന രാജ്യാന്തര ക്രൂയിസ് വേദിയിലാണ് ചടങ്ങ് നടന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള ആഡംബര നൗക വ്യവസായത്തിലെ 4,000 പ്രൊഫഷണലുകളാണ് ബാഴ്‌സലോണയില്‍ ഒത്തുചേരുന്നത്. നാളെയാണ് സീ ട്രെയിഡ് മെഡ് 2014ന് തിരശീല വീഴുക. 

സായിദ് പോര്‍ട്ടിനോട് ചേര്‍ന്നാണ് ആഡംബര നൗകകള്‍ക്ക് നങ്കൂരമിടാന്‍ പാകത്തില്‍ പുതിയ ക്രൂയിസ് ടെര്‍മിനല്‍ കെട്ടിടം പണിയുക. പരമ്പരാഗത അറബിക് വര്‍ണങ്ങളും തദ്ദേശീയമായ ഉല്‍പന്നങ്ങളുമെല്ലാം ചേര്‍ത്താവും പഴമയുടെ ചരിത്രം കൂടി വെളിപ്പെടുത്തുന്ന രീതിയില്‍ കെട്ടിടം പണിയുക. കെട്ടിടത്തില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് കടല്‍യാത്രയുടെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷികളാവാന്‍ സാധിക്കും. ക്രൂയിസ് കെട്ടിടത്തിന്റെ ഉള്‍വശങ്ങളുടെ മേല്‍ഭാഗത്ത് ഗാഫ് മരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്യും.
8,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആഡംബര നൗകകളില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ആവശ്യമുള്ളതെല്ലാം സജ്ജമാക്കും. സുവനീര്‍ കടകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസ് സൗകര്യം, നൗകകളിലെ ജീവനക്കാര്‍ക്ക് വിശ്രമത്തിനുള്ള മേഖല എന്നിവയുമുണ്ടാവും. 2016ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

---- facebook comment plugin here -----

Latest