സ്വാശ്രയ മെഡിക്കല്‍ പ്രവേശന രംഗത്ത് അരാജകത്വമെന്ന് ഹൈക്കോടതി

Posted on: September 17, 2014 6:18 pm | Last updated: September 17, 2014 at 6:21 pm
SHARE

kerala high court picturesകൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന രംഗത്ത് സമ്പൂര്‍ണ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി. പെട്ടിക്കട ആരംഭിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണം. എന്നാല്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അതുപോലും വേണ്ടെന്നും ജസ്റ്റിസുമാരായ കെ ടി ശങ്കരനും പി ഡി രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. 2006ലെ സ്വാശ്രയ നിയമം റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സര്‍ക്കാരിന് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഫീസും പ്രവേശനവുമെല്ലാം സ്വാശ്രയ മാനേജ്‌മെന്റുകള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിനേക്കാള്‍ ഈ വിഷയത്തില്‍ അധികാരമുള്ളത് ജയിംസ് കമ്മിറ്റിക്കാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനത്തിനുള്ള സര്‍ക്കാര്‍ മറുപടി. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത മാനേജുമെന്റുകളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ജയിംസ് കമ്മിറ്റിയും അറിയിച്ചു.