Connect with us

Malappuram

പ്രസ് ക്ലബ്ബില്‍ ഡിജിറ്റല്‍ ലൈബ്രറിയും മീഡിയാ സ്റ്റഡി സെന്ററും തുറന്നു

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം വിനിയോഗിച്ച് മലപ്പുറം പ്രസ് ക്ലബ്ബില്‍ മീഡിയാ സ്റ്റഡി സെന്ററിന്റെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. സിഡ്‌കോയാണ് ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു പ്രൊജക്റ്റ് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നത്. റോഡുകളും പാലങ്ങളുമെന്ന വികസന സങ്കല്‍പത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറത്തിന്റേതായ മാതൃക സൃഷ്ടിച്ച ജില്ലാ പഞ്ചായത്ത് നൂതനമായ ആശയങ്ങള്‍ക്ക് വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് പ്രസ് ക്ലബ്ബില്‍ ആധുനിക സൗകര്യങ്ങള്‍ യാഥാര്‍ഥ്യമായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷണത്തിനുള്ള സൗകര്യം ലൈബ്രറിയില്‍ ലഭിക്കും. മാധ്യമരംഗം, കല, വിദ്യാഭ്യാസം, ചരിത്രം, സിനിമ തുടങ്ങി വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലൈബ്രറിയിലുള്ളത്. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വി സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, കെ യു ഡബ്ലിയു ജെ യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ പത്മനാഭന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നഹ, സെക്രട്ടറി സിദ്ദീഖ് പെരിന്തല്‍മണ്ണ, വി എം സുബൈര്‍, സുരേഷ് എടപ്പാള്‍ സംസാരിച്ചു.

Latest