ജില്ലാ പഞ്ചായത്ത് പ്രവൃത്തികള്‍ക്ക് 30നകം അനുമതി ലഭ്യമാക്കും

Posted on: September 17, 2014 11:38 am | Last updated: September 17, 2014 at 11:38 am
SHARE

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവൃത്തികള്‍ക്ക് ഈമാസം 30നകം ഭരണാനുമതി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ബന്ധപ്പെട്ട എക്‌സി. എന്‍ജിനിയര്‍മാര്‍ കൃത്യ സമയത്ത് എസ്റ്റിമെറ്റ് നല്‍കാത്തതിനാല്‍ അനുമതി നല്‍കുന്നതിന് വൈകിയതിനെ തുടര്‍ന്നാണ് തീരുമാനം. എസ്റ്റിമെറ്റ് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ എക്‌സി. എന്‍ജിനിയറെ ചുമതലപ്പെടുത്തി. ഭക്ഷ്യ വസ്തുക്കളിലെ മായം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്ത് അംഗം കെ എന്‍ ഗഫൂര്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. കലാലയങ്ങളെ ലഹരി മുക്തമാക്കുന്നതിന് നടപ്പാക്കുന്ന ക്ലീന്‍ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ്’ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. അതത് ഡിവിഷന് കീഴില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സ്‌കൂള്‍ – കോളജ് പ്രദേശത്ത് ലഹരി വിരുദ്ധ കമ്മിറ്റികളും അംഗങ്ങളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കും. ജില്ലാതല കേരളോത്സവം നവംബര്‍ ആദ്യ വാരം വണ്ടൂരില്‍ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷവും ഇതിനായി വിനിയോഗിക്കും. കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തമാസം 10ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘാടകസമിതി രൂപവത്കരണ യോഗം ചേരും.