Connect with us

Malappuram

ഗുണഭോക്തൃ ലിസ്റ്റില്‍ ക്രമക്കേടെന്ന്; ഗ്രാമസഭ അലങ്കോലമായി

Published

|

Last Updated

കാളികാവ്: ഗുണഭോക്തൃ ലിസ്റ്റില്‍ ക്രമക്കേട് പരാതി ഉയര്‍ന്നതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമസഭ അലങ്കോലമായി. കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍പടി വാര്‍ഡ് ഗ്രാമ സഭയാണ് അലങ്കോലപ്പെട്ടത്.
തര്‍ക്കത്തിനിടയില്‍ ആരോ യോഗ മിനിറ്റ്‌സ് രണ്ടായി കീറുകയും ചെയ്തു. ഇതോടനുബന്ധിച്ച് കാളികാവ് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വെന്തോടന്‍പടി മദ്‌റസയില്‍ ചേര്‍ന്ന ഗ്രാമസഭയിലാണ് മിനിറ്റ്‌സ് കീറലും തര്‍ക്കവും നടന്നത്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നടന്ന ഗ്രാമസഭ അധികം ആളുകളെ അറിയക്കാതെയാണ് നടത്തിയതെന്ന് ആരോപണമുണ്ടായി. തൊഴിലുറപ്പ് തൊഴിലാളികളെ പോലും അറിയച്ചില്ലത്രെ. ഗ്രാമസഭയില്‍ ആളുകള്‍ എത്തുന്നതിന് മുമ്പ് ഗുണഭോക്തൃ ലിസ്റ്റ് വായിച്ച് അംഗീകാരം നേടുന്നതിനുള്ള ശ്രമം നടത്തിയെന്നാരോപിച്ചാണ് ഒരു വിഭാഗം ബഹളം കൂട്ടി.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ക്കിടലില്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നു. ഇതിനിടയിലാണ് മിനിറ്റ്‌സ് കീറിയത്. എന്നാല്‍ മിനിറ്റ്‌സ് തര്‍ക്കത്തിനിടയില്‍ അബദ്ധത്തില്‍ കീറിയതെന്നാണ് പറയുന്നത്്. അതിനിടെ ബഹളം രൂക്ഷമായതോടെ പോലീസ് ഗ്രാമസഭ നിര്‍ത്തിവെപ്പിച്ചു. കാളികാവ് ഗ്രേഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്.

Latest