Connect with us

Malappuram

സാന്ത്വന സ്പര്‍ശം മെഡിക്കല്‍ ക്യാമ്പ് 19ന്

Published

|

Last Updated

മലപ്പുറം: മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ കാരുണ്യയുടെ സഹകരണത്തോടെ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ശാരീരിക – മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടത്തുന്ന സാന്ത്വനസ്പര്‍ശം മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാംഘട്ടം ഈമാസം 19ന് വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ട ക്യാമ്പില്‍ പങ്കെടുത്ത് അളവെടുത്തവര്‍ക്കായുള്ള കൃത്രിമ കൈകാല്‍ വിതരണവും ഒന്നാംക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് ബാക്കി വരുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി സര്‍ട്ടി ഫിക്കറ്റുകളും ക്യാമ്പില്‍ വച്ച് വിതരണം ചെയ്യും.
ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റമമ്പാട് എന്നിവര്‍ സംബന്ധിക്കും. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ശാരീരിക – മാനസിക നേരിടുന്നവര്‍ക്കായി നടത്തിയ സാന്ത്വന സ്പര്‍ശം മെഡിക്കല്‍ ക്യാമ്പില്‍ നേരത്തെ 5200 പേര്‍ സംബന്ധിച്ചിരുന്നു.
ക്യാമ്പില്‍ സഹായ ഉപകരണങ്ങളായ വീല്‍ചെയര്‍, മുച്ചക്ര സ്‌കൂട്ടര്‍, സൈക്കിള്‍, ശ്രവണസഹായികള്‍, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, സ്വകാര്യ – കെ എസ് ആര്‍ ടി സി ബസ് പാസുകള്‍, ട്രെയിന്‍പാസ്, സാമൂഹ്യ സുരക്ഷാമിഷന്‍ പദ്ധതി പ്രകാരമുള്ള സഹായങ്ങള്‍ എന്നിവയാണ് ലക്ഷ്യമാക്കിയിരിക്കുന്നത്. മുച്ചക്ര സ്‌കൂട്ടര്‍ 62 എണ്ണം പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
സാന്ത്വനസ്പര്‍ശം മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ ക്യാമ്പുകളില്‍ രേഖാമൂലം അറിയിപ്പ് ലഭിച്ചവര്‍ മാത്രമെ പങ്കെടുക്കേണ്ടതുള്ളുവെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി സുധാകരന്‍, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ടി ഉമ്മര്‍കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ എം മുഹമ്മദ് കോയ, എം വിജയന്‍, പി മുഹമ്മദാലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest