Connect with us

Malappuram

കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയിലെ മലയോര പഞ്ചായത്തുകളിലെല്ലാം കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പെരുകുമ്പോള്‍, കര്‍ഷകരേയും അവരുടെ കൃഷിയിടങ്ങളേയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതെ ജനപ്രതിനിധികളും ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളും വനംവകുപ്പും അലംഭാവം തുടരുകയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് കാട്ടാനകളടക്കമുള്ള വന്യമൃഗശല്യം മൂലം പൊറുതിമുട്ടുന്നത്. വനംവകുപ്പും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് കൃഷിയിട സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ ശ്രമം നടത്താത്തതും എം പി, എം എല്‍ എ, മന്ത്രി എന്നിവരുടെ ഫണ്ടുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്നതുമാണ് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിക്കുന്നത്. മറ്റു മേഖലകളിലെല്ലാം തങ്ങളുടെ വികസന ഫണ്ട് ചെലവഴിക്കാന്‍ എം പിയും എം എല്‍ എ മാരും മത്സരിക്കുമ്പോഴും മണ്ണില്‍ വിയര്‍പ്പൊഴുക്കി കൃഷി നടത്തുന്ന കര്‍ഷകരുടെ സംരക്ഷണത്തിന് ഫണ്ട് നീക്കിവെക്കാന്‍ വിസ്മരിക്കുകയാണ്.
നിലവില്‍ ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ നടത്തുന്ന പരാക്രമങ്ങള്‍ക്കെതിരെ തങ്ങളുടെ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വനം കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി വീരവാദ പ്രസംഗങ്ങള്‍ നടത്തി പിന്‍മാറുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മലയോര പഞ്ചായത്തുകളില്‍ ഭൂരിഭാഗം വാര്‍ഡുകളിലും ജനവിധി നിര്‍ണയിക്കുക ഈ കര്‍ഷകരായിരിക്കും. കാട്ടാനകള്‍ ഒരു ലക്ഷം രൂപയുടെ കൃഷി നശിപ്പിച്ചാല്‍ സര്‍ക്കാര്‍ വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരമനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് അയ്യായിരത്തിനും പതിനായിരത്തിനുമിടയിലായിരിക്കും.
ഇതു തന്നെ ലഭിക്കണമെങ്കില്‍ വനം കാര്യാലയത്തില്‍ നിരവധി തവണ കയറി ഇറങ്ങുകയും വേണം. കാട്ടുപന്നി ശല്യം തടയാന്‍ കാട്ടുപന്നികളെ വെടിവെക്കാമെന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരു കര്‍ഷകന്‍ പോലും ഇതു വരെ വനം വകുപ്പില്‍ അപേക്ഷ നല്‍കിയിട്ടില്ല. പന്നിയെ വെടിവെക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഏറെ രസകരമാണ്. 2011 ജൂണ്‍ 23-ന് ജി ഒ (ആര്‍ ടി) നമ്പര്‍ 281/2011 പ്രകാരം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഒരു കാട്ടുപന്നിയെ പോലും കൊല്ലാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്.
കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചാല്‍ പന്നിയെ കൊല്ലണമെന്നാവശ്യപ്പെട്ട് കൃഷിയിടത്തിന്റെ പരിധിയില്‍ വരുന്ന വനം റെയ്ഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കണം. അപേക്ഷ നല്‍കുമ്പോള്‍ കൃഷിയുടെ സ്ഥാനം വിളകള്‍ക്കുണ്ടായ നാശനഷ്ടം, അക്രമകാരികളായ കാട്ടുപന്നികളുടെ എണ്ണം എന്നിവ വ്യക്തമാക്കണം. അപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് വാര്‍ഡ് മെമ്പര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സമിതിക്ക് ബോധ്യപ്പെടണം.
വെടിവെക്കാന്‍ ചെല്ലുമ്പോള്‍ പന്നികള്‍ കാട്ടിലേക്ക് ഓടുകയാണെങ്കില്‍ വെടിവെക്കരുത്. പന്നി ആണാണോ പെണ്ണാണോ എന്ന് ഉറപ്പുവരുത്തണം. പെണ്‍പന്നി ഗര്‍ഭിണിയാണെങ്കില്‍ വെടിവെക്കരുത്. ജനദ്രോഹപരമായ ഈ നിയമം മനസിലാക്കിയതു കൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട നിലമ്പൂരില്‍ നിന്ന്് ഒരു കര്‍ഷകന്‍പോലും അപേക്ഷയുമായി വനം കാര്യാലയത്തില്‍ എത്താതിരുന്നത്.
രണ്ടു മന്ത്രിമാരുടേയും ഒരു എം എല്‍ എയുടേയും അടക്കം മൂന്ന് ജനപ്രതിനിധികളുടെ മണ്ഡലങ്ങളിലാണ് വന്യമൃഗശല്യമൂലം കര്‍ഷകരുടെ ദുരിതം തുടരുന്നത്. ഇവിടെ പരീക്ഷിക്കപ്പെടുന്നത് പാവപ്പെട്ട കര്‍ഷകരുടെ ക്ഷമയെയാണ്. ഇതിനൊരു പരിഹാരം കാണാന്‍ ഇനി ഏതു നിയമത്തിനാണ് കഴിയുക എന്ന ചോദ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

Latest