Connect with us

National

കാശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

Published

|

Last Updated

ശ്രീനഗര്‍: പതിനൊന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ കാശ്മീര്‍ താഴ്‌വര പതിയെ സാധാരണ നിലയിലേക്ക് നീങ്ങുന്നു. പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരില്‍ പലരും തകര്‍ന്നു കിടക്കുന്നവീടുകളില്‍ എത്തി നഷ്ടങ്ങള്‍ വിലയിരുത്തി. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം കണ്ടുമുട്ടിയ അയല്‍വാസികളും പരിചയക്കാരും പരസ്പരം സുഖവിവരങ്ങള്‍ അന്വേഷിച്ചു. പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ക്യാമ്പുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് ദുരിതാശ്വാസ വസ്തുക്കളെത്തുന്നുണ്ട്.
സെപ്തംബര്‍ ആറിന് എങ്ങനെയാണ് പൊടുന്നനെ വെള്ളപ്പൊക്കമുണ്ടായതെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ” ഞങ്ങള്‍ കരുതിയത് വെള്ളം കുറച്ച് മാത്രമേ ഉയരുകയുള്ളൂവെന്നാണ്. എന്നാല്‍ 12 അടിയിലധികം ഉയരത്തില്‍ വെള്ളം പൊങ്ങി”-ജോഗ്ജി ബാഗിലെ മുഹമ്മദ് ശാഫി പറഞ്ഞു. ഈ പ്രദേശത്ത് വന്‍ നാശമാണ് വെള്ളപ്പൊക്കത്തിലുണ്ടായത്.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ വീടുകളില്‍ മോഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളം ഇറങ്ങിയതോടെ താറുമാറായ പല റോഡുകളും അറ്റകുറ്റപ്പണി നടത്തി. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ചില റൂട്ടുകളില്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ കൂട്ടത്തോടെയുള്ള നീക്കം കാരണം റോഡുകളില്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള പല റോഡുകളിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ലാല്‍ ചൗക്കിലും പ്രാന്തപ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണമായും ഒഴിഞ്ഞ് പോയിട്ടില്ല. ഇവിടങ്ങളിലെ കടകളില്‍ ഉടമകള്‍ കഴിഞ്ഞ ദിവസമെത്തി നാശനഷ്ടങ്ങള്‍ പരിശോധിക്കുകയും ബാക്കിയായ വസ്തുക്കള്‍ കൊണ്ടുപോകുകയും ചെയ്തു. കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന ഗ്യാസും പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വാര്‍ത്താ വിതരണ ശൃംഖലകളും വൈദ്യുതിയും മിക്ക പ്രദേശങ്ങളിലും പുന:സ്ഥാപിക്കാനായി. സംസ്ഥാനത്തെ ജനങ്ങള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും പോലീസും സൈന്യവും കാവല്‍ നില്‍ക്കുന്നുണ്ട്.

Latest