Connect with us

Palakkad

യു ഡി എഫ് പ്രസിഡന്റിനെതിരെ വിമതരുടെ അവിശ്വാസ പ്രമേയം 25ന്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് യു ഡി എഫ് ഭരണ സമിതിയിലെ പ്രസിഡന്റിനെതിരെ യു ഡി എഫിലെ ഒരു വിഭാഗം നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍മേലുളള ചര്‍ച്ച 25ന് രാവിലെ 10.30 ന് നടക്കും.
മുസ്‌ലിംലീഗില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് അവിശ്വാസം. ഭരണ സമിതി അധികാരമേറ്റ സമയത്ത് ലീഗിലെ ഇരുവിഭാഗങ്ങളും തമ്മില്‍ പ്രസിഡന്റ് പദവി പങ്ക് വെക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ധാരണക്ക് വിപരീതമായി നിലവിലെ പ്രസിഡന്റ് തെക്കന്‍ അസ്മാബി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാത്തതിന തുടര്‍ന്നാണ് കോണ്‍ഗ്രസിലെ 5അംഗങ്ങളടക്കം യു ഡി എഫിലെ 10 പേര്‍ ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ യു ഡി എഫിനകത്ത് ഔദ്ദ്യോഗിക, അനൗദ്ദ്യോഗിക ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും പരിഹാരമായിട്ടില്ല. ലീഗ്, കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെയാണ് അവിശ്വാസ പ്രമേയം. ഇതിനിടെ സി പി എമ്മിന്റെ നേതൃത്വത്തില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൈഹാനത്തിനെതിരേയും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇതില്‍ നിന്ന് പിന്‍മാറിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ അവിശ്വാസ പ്രമേയം പിന്‍വലിക്കാനായിട്ടില്ല.
ഇതോടെ വരും ദിവസങ്ങളില്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനുളള ചാക്കിട്ടുപിടുത്തം നടക്കുമൊയെന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.
25 ന് നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയുട വരണാധികാരി മണ്ണാര്‍ക്കാട് ബി ഡി ഒയാണ്.

Latest