തിരൂര്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യും: സി മമ്മുട്ടി എം എല്‍ എ

Posted on: September 17, 2014 8:50 am | Last updated: September 17, 2014 at 8:50 am
SHARE

മലപ്പുറം: തിരൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യുമെന്നും 90 ശകമാനം റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും സി മമ്മുട്ടി എം എല്‍ എ അറിയിച്ചു. മണ്ഡലത്തിലെ സമഗ്രവികസനശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എന്തും സാധ്യമാണെന്നതിന്റെ തെളിവാണ് നഗരഹൃദയത്തിലെ റോഡിന്റെ വീതികൂട്ടാനായത്. തീരദേശഹൈവേയുടെ തിരൂര്‍ ഭാഗത്തെ പണി പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അതിന്റെ ഉദ്ഘാടനം അടുത്തുതന്നെ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. എം എല്‍ എ ഫണ്ട് പൂര്‍ണമായും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. തിരൂര്‍ പുഴ ശുദ്ധീകരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വഴിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനു ക്യാമറകള്‍ സ്ഥാപിക്കും. മാലിന്യനിര്‍മാര്‍ജനത്തിലൂടെ സമ്പൂര്‍ണ ശുചിത്യമണ്ഡലമാക്കി തിരൂരിനെ മാററാന്‍ കഴിയണം. ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണവും ഭാഷാപൈതൃക നഗരപരിപാടിയും പുരോഗമിക്കുകയാണെന്നും എം എല്‍ എ വ്യക്തമാക്കി.
കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം രാജ്, അസി. ഡയറക്ടര്‍ കെ എം സലിം, കോര്‍ഡിനേറ്റര്‍ പി വി രാമകൃണന്‍ സംസാരിച്ചു. തിരൂര്‍ നഗരസഭ ചെയര്‍ പേഴ്‌സന്‍ സഫിയ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി നസീമ(കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്), സുബൈദ(തിരുനാവായ), നസീബ താപ്പി( വളവന്നൂര്‍), പി സൈനുദ്ദീന്‍( വെട്ടം), കെ പി വാഹിത(കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്) എന്നിവര്‍ക്ക് പുറമെ വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിനുശേഷം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയുമുണ്ടായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് എം എല്‍ എ സംസാരിച്ചു.